Kerala Government News

ക്രിസ്മസ് ദിനത്തിലും NSS ക്യാമ്പ്; ആഘോഷം ഇല്ലാതെ അധ്യാപകരും കുട്ടികളും

ക്രിസ്മസ് ദിനത്തിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളില്‍ നാഷണൽ സർവീസ് ക്യാമ്പ് (NSS). ഡിസംബർ 20, 21 തീയതികളിൽ ആരംഭിച്ച 7 ദിവസം നീളുന്ന ക്യാമ്പിന് ക്രിസ്മസ് ദിനത്തിലും അവധിയില്ല.

ഇതോടെ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അധ്യാപകരും കുട്ടികളും. 341 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളുകളിലാണ് ക്യാമ്പ് നടക്കുന്നത്. കെ.സി.ബി.സിയുടെയും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്ന പ്രതിഷേധവും കണക്കിലെടുത്ത് ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ എൻ.എസ്.എസ് ക്യാമ്പുകൾ ക്രിസ്മസ് ദിനം ഒഴിവാക്കി മാത്രമേ നടത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

എന്നാൽ ഇത് കണ്ടില്ലെന്ന് നടിച്ച് ക്രിസ്മസ് ദിനത്തിലും ക്യാമ്പ് നടത്തുകയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം. ക്രിസ്മസ് ദിനത്തിൽ പള്ളികളിലും വീടുകളിലും നടക്കുന്ന പ്രാർത്ഥനകളിലും ചടങ്ങുകളിലും ക്രൈസ്തവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാൻ ഇതുമൂലം സാധിക്കാതെ വരും.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആകട്ടെ സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പൊതു അവധി ദിവസങ്ങൾ പ്രവർത്തി ദിനമാക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ ജാഗ്രത കമ്മിഷനുകൾ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *