കോട്ടയം ഗവണ്‍മെൻ്റ് നഴ്സിങ് കോളജിലെ റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

നഴ്സിങ് കോളജിലെ റാഗിങ് കേസിൽ അറസ്റ്റിലായ വിദ്യാർഥികൾ

നഗ്നരാക്കി നിർത്തി, മുറിവിൽ ലോഷൻ തേച്ചു

കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളജിൽ റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജിൽനിന്നു സസ്‌പെൻഡ് ചെയ്തു. വിദ്യാർഥികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി. വിദ്യാർഥികളെ നഗ്‌നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു.

കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments