CrimeNews

ഫോണിൽ ബ്ലോക്ക് ചെയ്തതിന് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി

പട്ടാപ്പകൽ ആലുവയിൽ യുവതിയെ മുൻ കാമുകൻ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. പെട്രോൾ ദേഹത്ത് ഒഴിച്ചെങ്കിലും തീകൊളുത്തുന്നതിന് മുൻപ് യുവതി ഓടി അടുത്തുള്ള കടയിൽ കയറി രക്ഷപ്പട്ടു. ആലുവ ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് മുൻ കാമുകൻ അലിയുടെ ആക്രമണം ഉണ്ടായത്. അക്ഷയ സെന്റര്‍ നടത്തുന്നയാളാണ് അലി.

ഇന്ന് പകൽ യു സി കോളേജിന് സമീപം കച്ചേരികടവ് റോഡിൽ വച്ചാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവതിയെ ബൈക്കിൽ വന്ന പ്രതി തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി സമീപത്തെ കടയിൽ ഓടിക്കയറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. തുടർന്ന് യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

സംഭവത്തിൽ യുവതിയുടെ സുഹൃത്ത് മുപ്പത്തടം സ്വദേശി അലിയെ വൈകിട്ടോടെ ആലുവ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അലിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. അതേസമയം അലി കുടുംബ സുഹൃത്താണെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി. യുവതി വിവാഹിതയാണ്.

Leave a Reply

Your email address will not be published. Required fields are marked *