
ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി. മന്ത്രിമാരായ പി. രാജീവ്, ആർ.ബിന്ദു എന്നിവരാണ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയത്.
വിസി നിയമനത്തിന്റെ പേരിൽ സർക്കാരും ഗവർണറും രണ്ട് തട്ടിലായിരുന്നു. സർവകലാശാലകളിലടക്കം സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ ഗവർണറെ അറിയിച്ചു എന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് ഗവർണർ നൽകിയതായി അറിയില്ല. ഇന്ന് വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച.
നേരത്തെ മന്ത്രി പി രാജീവ് ഗവർണറെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കൂടി എത്തുകയായിരുന്നു. സംസ്ഥാനത്തെ സർവകലാശാലകളിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. പല സർവകലാശാലകളിലും സ്ഥിരം വിസിയില്ല. നിയമനവുമായി ബന്ധപ്പെട്ട് വലിയ തടസങ്ങളുണ്ട്. ഹൈക്കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തി മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വന്തം നിലയിൽ സെർച്ച് കമ്മറ്റിയുമായി മുന്നോട്ട് പോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
സർക്കാർ നിർദേശിച്ച പേരുകൾ വെട്ടിക്കൊണ്ട് സാങ്കേതിക സർവലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും ആരിഫ് മുഹമ്മദ് ഖാൻ താൽപ്പര്യമുള്ളയാളുകളെ നിയമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങളിൽ ശാശ്വതമായ പരിഹാരവും ഗവർണറുടെ ഭാഗത്ത് നിന്ന് അനുഭാവ പൂർണമായ സമീപനവും പ്രതീക്ഷിച്ചുകൊണ്ടുള്ള ചർച്ചയാണ് നടന്നതെന്നാണ് വിവരം.