ഗ്രാമിന് 35രൂപ കൂടി 7980 രൂപയിലെത്തി. പവന് 280 രൂപ കൂടി 63,840 രൂപയായി.
കേരളത്തിൽ സ്വർണവില തുടർച്ചയായി ഉയർന്നുവരിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയായി. പവൻ വില 280 രൂപ ഉയർന്ന് 63,840 രൂപയെത്തി. ഇത് രണ്ടും സർവകാല റെക്കോർഡുകളാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 63,560 രൂപയും ഗ്രാമിന് 7,945 രൂപയും എന്ന റെക്കോർഡാണ് തകർത്തത്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 25 രൂപ കുതിച്ച് 6,585 രൂപയിലെത്തി. എന്നാൽ വെള്ളിവിലയിൽ ഇന്നും മാറ്റമില്ല; ഗ്രാമിന് 106 രൂപയാണ്. ഈ വർഷം ഇതുവരെ കേരളത്തിൽ പവൻ വില 6,640 രൂപയും ഗ്രാമിന് 830 രൂപയും വർധിച്ചിട്ടുണ്ട്. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും കൂടുതലാണ്. വിവാഹാഭരണങ്ങൾ വാങ്ങുന്നവർക്ക് ഈ വിലക്കയറ്റം കൂടുതൽ തിരിച്ചടിയാകുന്നു. ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (കുറഞ്ഞത് 5%) എന്നിവ കൂടിച്ചേരുമ്പോൾ കേരളത്തിൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 69,097 രൂപയും ഒരു ഗ്രാം ആഭരണത്തിന് 8,637 രൂപയും ചെലവാകുന്നു.
ആഗോള വ്യാപാരയുദ്ധത്തിന് എരിതീയിൽ എണ്ണയൊഴിക്കാനെന്നോണം സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുകയാണ്. ഇത് വ്യാപാരയുദ്ധം കൂടുതൽ കടുപ്പമാകാൻ വഴിയൊരുക്കും. കാനഡയ്ക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് സമാനമായി, കൂടുതൽ രാജ്യങ്ങൾക്കുമേലും സമാന നടപടിയെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ ഈ നടപടികൾ ആഗോളതലത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇത് ഓഹരി, കടപ്പത്ര വിപണികളെ ഉലയ്ക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വർണം ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നിലനിർത്തുകയാണ്. രാജ്യാന്തര സ്വർണവില കഴിഞ്ഞ വാരം രേഖപ്പെടുത്തിയ ഔൺസിന് 2,886.07 ഡോളർ എന്ന സർവകാല റെക്കോർഡിൽ നിന്ന് താഴെപ്പോയെങ്കിലും, ഇന്ന് വീണ്ടും കയറ്റം തുടങ്ങി. 2,860 ഡോളർ വരെ താഴ്ന്നശേഷം 2,876 ഡോളറിലേക്ക് തിരിച്ചുകയറി. ഡോളർ ശക്തമാകുന്നതും സ്വർണത്തിന് നേട്ടമാണ്.