
അദാനിയുടെ ഊർജ്ജ സാമ്രാജ്യം വളരുന്നു; 4000 കോടിയുടെ വിദർഭ പവർ ഏറ്റെടുക്കൽ പൂർത്തിയായി
മുംബൈ: രാജ്യത്തെ ഊർജ്ജ മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി അദാനി പവർ. 4000 കോടി രൂപയുടെ ഇടപാടിലൂടെ മഹാരാഷ്ട്രയിലെ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ (വിഐപിഎൽ) അദാനി പവർ ഏറ്റെടുത്തു. ഇതോടെ, നാഗ്പൂരിലെ ബുട്ടിബോരിയിലുള്ള 600 മെഗാവാട്ട് ശേഷിയുള്ള കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയം അദാനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായി മാറി.
പാപ്പരത്ത നടപടികൾ (Insolvency and Bankruptcy Code) നേരിടുകയായിരുന്ന കമ്പനിയായിരുന്നു വിഐപിഎൽ. അദാനി പവറിന്റെ റെസല്യൂഷൻ പ്ലാനിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ജൂൺ 18-ന് അംഗീകാരം നൽകിയിരുന്നു. ഏറ്റെടുക്കൽ നടപടികൾ ജൂലൈ 7-ന് പൂർത്തിയായതായി അദാനി പവർ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ ഏറ്റെടുക്കലോടെ അദാനി പവറിന്റെ മൊത്തം പ്രവർത്തന ശേഷി 18,150 മെഗാവാട്ടായി ഉയർന്നു. 2029-30 സാമ്പത്തിക വർഷത്തോടെ ഇത് 30,670 മെഗാവാട്ടായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
“പ്രതിസന്ധിയിലായ ആസ്തികളെ ഏറ്റെടുത്ത് അവയുടെ മൂല്യം വർധിപ്പിക്കുക എന്നത് ഞങ്ങളുടെ പ്രധാന തന്ത്രമാണ്. രാജ്യത്തിന്റെ ‘എല്ലാവർക്കും വൈദ്യുതി’ എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിനും, സുസ്ഥിര വളർച്ചയ്ക്ക് ആവശ്യമായ വിശ്വസനീയമായ ഊർജ്ജം നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അദാനി പവർ സിഇഒ എസ്.ബി. ഖ്യാലിയ പ്രസ്താവനയിൽ പറഞ്ഞു.