സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏപ്രിലിൽ പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും കുടിശിക ഉണ്ടാവില്ല. 3 ശതമാനമാണ് ക്ഷാമബത്ത.
2022 ജനുവരി 1 പ്രാബല്യത്തിലെ ക്ഷാമബത്തയാണ് അനുവദിക്കുന്നത്. ഉത്തരവിൽ എന്നു മുതലുള്ള ക്ഷാമബത്ത എന്ന് ഉണ്ടായിരിക്കില്ല. ഇതോടെ 39 മാസത്തെ അർഹതപ്പെട്ട കുടിശിക ജീവനക്കാർക്ക് നഷ്ടപ്പെടും. 2022 ജനുവരി മുതൽ 2025 മാർച്ച് 31 വരെയുള്ള കുടിശികയാണ് നഷ്ടപ്പെടുന്നത്. പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത് 40 മാസത്തെ കുടിശികയും.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ അർഹതപ്പെട്ട കുടിശിക ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കുന്നതാണ് പതിവ്. പെൻഷൻകാർക്ക് കുടിശിക പണമായും നൽകും. കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും കുടിശിക നിഷേധിച്ചാണ് ഉത്തരവിറക്കുന്നത്. 2021 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്തയും 2021 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനം ക്ഷാമബത്തയും ആണ് ബാലഗോപാൽ ഇതുവരെ അനുവദിച്ചത്. അനുവദിച്ച 2 ക്ഷാമബത്തക്കും കുടിശിക നൽകിയിരുന്നില്ല. ജീവനക്കാർക്ക് ഇതുമൂലം 78 മാസത്തെ കുടിശിക നഷ്ടപ്പെട്ടു. പെൻഷൻകാർക്ക് 40 മാസത്തെ കുടിശികയും.
മറുവശത്ത് ജഡ്ജി, ഐ.എ.എസ്, ഐ.പി.എസ് എന്നിവർക്ക് ക്ഷാമബത്ത കൃത്യമായി നൽകുന്നുണ്ട്. ഏറ്റവും അവസാനം കേന്ദ്രം പ്രഖ്യാപിച്ച 2024 ജൂലൈ പ്രാബല്യത്തിലുള്ള ക്ഷാമബത്തയും ഇവർക്ക് അനുവദിച്ചിരുന്നു. അതിൻ്റെ കുടിശിക പണമായി നൽകാനും ഉത്തരവിറങ്ങിയിരുന്നു. ജുഡിഷ്യൽ ഓഫിസർമാർക്കും ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും കുടിശിക പണമായി നൽകുകയും ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശിക നിഷേധിക്കുകയും ചെയ്യുന്ന ബാലഗോപാലിൻ്റെ ഇരട്ട നീതിക്കെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഉയരുന്നത്.
ബാലഗോപാലിൻ്റെ ഇതുപോലുള്ള ഉത്തരവുകൾ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരിന് എതിരെ ആക്കുന്നതിൽ വഹിച്ച പങ്ക് വലുതാണ്. ഏപ്രിൽ മാസം ആണ് ബാലഗോപാൽ ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം കേന്ദ്രം പുതിയ ക്ഷാമബത്ത പ്രഖ്യാപിക്കും. ഇതോടെ കേരളത്തിൽ ക്ഷാമബത്ത കുടിശിക 7 ഗഡു ആകും. ഏപ്രിലിൽ ബാലഗോപാൽ ഒരു ഗഡു തരുന്നതോടെ കുടിശിക 6 ഗഡുക്കളായി മാറും. എങ്ങനെ നോക്കിയാലും കേരളത്തിൽ ക്ഷാമബത്ത കുടിശിക 6 ഗഡുക്കളായി തുടരും എന്ന് വ്യക്തം.