മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പ്രതി എസ്ഐയെയും പൊലീസുകാരനെയും ആക്രമിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ സ്വദേശി ചിറക്കംപുനത്തിൽ മുഹമ്മദലി (32) ആണ് പൊലീസിനെ ആക്രമിച്ചത്.
നാദാപുരം എസ്‌ഐ എം നൗഷാദ്, റൂറൽ എസ്പിയുടെ സ്‌ക്വാഡ് അംഗം വി വി ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. എസ്‌ഐക്ക് കൈക്കും പൊലീസുകാരന് കാലിനുമാണ് കുത്തേറ്റത്. ഇരുവരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് അറിയുന്നത്.
ഷൊർണൂർ സ്റ്റേഷൻ പരിധിയിലെ ചുങ്കപ്പിലാവിലെ തട്ടുകടയിൽ തൊഴിലാളിയായ പ്രതി കട ഉടമയുടെ 30,000 രൂപയും ബൈക്കും മോഷ്ടിച്ചശേഷം ഒളിവിൽപോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഷണം. പ്രതിയുടെ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരിങ്ങണ്ണൂരിൽ ഉണ്ടെന്നറിഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
വീടിന്റെ ജനൽചില്ലുകൾ തകർക്കുകയും ഈ ജനൽച്ചില്ലുകൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ പൊലീസ് സംഘം പ്രതിയെ ബലമായി പിടികൂടി. 2023 ഫെബ്രുവരിയിൽ എടച്ചേരിയിലെ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടം പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് മുഹമ്മദലി.