ബെംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാർഥിനി കണ്ണൂർ മുഴപ്പിലങ്ങാട് ഗോകുലത്തിൽ അനാമിക (19) ആത്മഹത്യ ചെയ്ത സംഭവത്തിൽ ബെംഗളൂരു കനക്പുര നഴ്‌സിങ് കോളജ് പ്രിൻസിപ്പലിനും അസോഷ്യേറ്റ് പ്രഫസർക്കും സസ്‌പെൻഷൻ. പ്രിൻസിപ്പൽ സന്താനം സ്വീറ്റ് റോസ്, അസോഷ്യേറ്റ് പ്രഫസർ ഡോ.എം.സുജാത എന്നിവരെയാണ് ദയാനന്ദ സാഗർ സർവകലാശാല റജിസ്ട്രാർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ബെംഗളൂരുവിലെ ഹരോഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനാമിക (19) കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നെന്ന് സഹപാഠികൾ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. കോളജ് അധികൃതരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് കോളജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നതായും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
അനാമികയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ബെംഗളൂരു ഹാരോഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അനാമികയുടെ മൃതദേഹം മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു. ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
പരീക്ഷയിൽ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനിയായ അനാമികയ്ക്കെതിരെ ഉണ്ടായതെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ വിശദീകരണം. അനാമികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളജ് കവാടത്തിൽ സഹപാഠികൾ സമരത്തിലാണ്. അനാമിക കോളജിൽ ജോയിൻ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കോളജിൽ മൊബൈലടക്കം കയ്യിൽ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്ര നിയന്ത്രണങ്ങളാണ്. പകൽ മുഴുവൻ ഫോൺ കോളജ് റിസപ്ഷനിൽ വാങ്ങി വയ്ക്കും. ഇൻറേണൽ പരീക്ഷകളിലൊന്നിനിടെ കയ്യിൽ മൊബൈൽ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളജിൽ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികൾ പറയുന്നത്.
ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തി അനാമികയെ വിളിച്ചു. വാതിൽ തുറക്കാതെ വന്നതോടെ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. മാനേജ്‌മെന്റിന്റെ കടുത്ത മാനസിക പീഡനം അനാമിക നേരിട്ടിരുന്നുവെന്ന് ആണ് സഹപാഠികളുടെ ആരോപണം. ഒടുവിൽ ബ്ലാക് ലിസ്റ്റിൽപ്പെടുത്തി അനാമികയെ സസ്‌പെൻഡ് ചെയ്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കോളജിലെ മലയാളി വിദ്യാർത്ഥികളെല്ലാം ഇതേ മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് പരാതി. എന്നാൽ വിദ്യാർത്ഥികളുടെ ആരോപണങ്ങളെ പൂർണമായും നിഷേധിച്ചിരുന്നു കോളജ് മാനേജ്‌മെന്റ്.