പത്തനംതിട്ടയിൽ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തെ പൊലീസ് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. പോലീസ് അടിച്ചോടിച്ച ഒരു സ്ത്രീക്ക് വീണ് പരിക്കേറ്റു. രണ്ടു യുവാക്കളെ ക്രൂരമായി മർദിച്ചു. ബാറിനു സമീപം സംഘർഷമുണ്ടായെന്ന് അറിഞ്ഞെത്തിയ പൊലീസ് ആളുമാറി ഇവർക്കു നേരെ തിരിയുകയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്താണ് സംഭവം. എസ്.ഐ എസ് ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുടുംബത്തെ ആക്രമിച്ചത്.
കൊല്ലത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. വാഹനത്തിലുണ്ടായിരുന്ന മലയാലപ്പുഴ സ്വദേശിയെ ബസ് സ്റ്റാന്റിന് സമീപത്ത് ഇറക്കാനായി നിർത്തിയപ്പോളാണ് പോലീസെത്തി യാതൊരു മുന്നറിയിപ്പും ഇല്ലാതെ ലാത്തിയടി തുടങ്ങിയത്. ഓടെടാ എന്നു പറഞ്ഞ് ഓടിച്ചിട്ട് തല്ലുകയായിരുന്നുവെന്ന് അടിയേറ്റവർ പറഞ്ഞു. പരുക്കേറ്റ മൂന്നുപേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
20 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിനിടെ കൂട്ടത്തിലുള്ള കുട്ടികൾ മൂത്രമൊഴിക്കാൻ ഇറങ്ങി. ഈ സമയത്താണ് പൊലീസ് വാഹനം ചീറിപ്പാഞ്ഞുവന്ന് അകാരണമായി വളഞ്ഞിട്ട് തല്ലിയത്. ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ മർദിക്കുകയായിരുന്നുവെന്ന് അടിയേറ്റവർ പറഞ്ഞു.