അനന്തുകൃഷ്ണൻ തട്ടിച്ചത് 1000 കോടി; ബാക്കിയുള്ളത് മൂന്ന് കോടി മാത്രം!

Ananthukrishnan

പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ 1000 കോടിയിലധികം രൂപ കൈമറിഞ്ഞു. വിവിധ സംഘടനകളുടെ പിൻബലത്തോടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരിൽനിന്ന് പണം സമാഹരിച്ചതായാണ് സൂചന. കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതിനുള്ള ശുപാർശ പോലീസ് മേധാവിയുടെ പരിഗണനയിലുണ്ട്.

അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പ് 1000 കോടി രൂപ കടക്കുമെന്നാണ് പൊലീസ് നിഗമനം. മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇയാളുടെ ഒറ്റ ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തി. ഇതിൽ അവശേഷിക്കുന്നത് 3 കോടി രൂപ മാത്രമാണ്. രണ്ട് വർഷംകൊണ്ട് അനന്തു കൃഷ്ണന്റെ മൂന്ന് കമ്പനി അക്കൗണ്ടുകളിലൂടെ കടന്നുപോയ തുകയാണിത്.

നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇതിന്റെ കോഓർഡിനേറ്ററാണ് അനന്തു കൃഷ്ണൻ. എറണാകുളത്ത് മാത്രം 5000 പേരിലേറെയാണ് പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. 20 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് മൂവാറ്റുപുഴയിലും കോതമംഗലത്തുമായി നാല് സംഘടനകൾ പരാതി നൽകി.

വയനാട്ടിൽ 1200-ഓളം പേർ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. മാനന്തവാടി താലൂക്കിൽ 200 പേർ പരാതിനൽകി. കണ്ണൂരിൽ ഒരു കേസിൽ 350 പേരാണ് പരാതി നൽകിയിരിക്കുന്നത്. മൂന്നുകോടിയാണ് ഇവർക്ക് നഷ്ടം. പാലക്കാട് രണ്ട് കേസുകളിലായി 519 പരാതിക്കാരാണ് നിലവിലുള്ളത്. ആലപ്പുഴയിൽ മൂന്ന് കേസുകളിലായി 500 പേർ പരാതി നൽകി. കോട്ടയത്ത് ഒരു പരാതിയാണ് വന്നത്. ഇടുക്കിയിൽ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളും 303 പരാതികളുമുണ്ട്. കോഴിക്കോട് 98 ആളുകളിൽ നിന്നായി 72,51,300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ പണമടച്ച് കാത്തിരിക്കുന്നവരുണ്ടെങ്കിലും പരാതിയിലേക്ക് കടന്നിട്ടില്ല.

അനന്തു കൃഷ്ണന്റെ ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇന്നു തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും. അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.

പിരിവിന് സൊസൈറ്റികളും ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കിയാണ് നാഷനൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു സൊസൈറ്റി രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ തട്ടിപ്പ്. റജിസ്ട്രേഷനു വേഗം പോരെന്നു കണ്ട് 62 സീഡ് സൊസൈറ്റികളും രൂപീകരിച്ചു. പകുതി വിലയ്ക്ക് ഉൽപന്നങ്ങൾ ലഭിക്കാൻ സൊസൈറ്റി അംഗത്വം ഉറപ്പാക്കി. തലസ്ഥാനത്തു പ്രവർത്തിക്കുന്ന എൻജിഒയുടെ പേരിലും പണപ്പിരിവ് നടത്തി.

തട്ടിപ്പു മനസ്സിലായതോടെ ഇതിന്റെ അധികൃതർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പരാതികൾ ശക്തമായതോടെ അറസ്റ്റ് പ്രതീക്ഷിച്ച അനന്തു കൃഷ്ണൻ സ്വന്തം രൂപമടക്കം മാറ്റിയിരുന്നു. തല മൊട്ടയടിച്ചു. മീശ വടിച്ചു. പൊലീസ് സ്റ്റേഷനിൽ പ്രതിയെ നേരിൽ കണ്ട പ്രമോട്ടർമാർക്കു പോലും എളുപ്പം തിരിച്ചറിയാൻ കഴിഞ്ഞില്ല.

സീഡ് സൊസൈറ്റിയുടെ പേരിൽ പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ റിമാൻഡിലായ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ പേരിൽ അഞ്ചുവർഷം മുൻപും സാമ്പത്തിക തട്ടിപ്പ് കേസ്. ഇടുക്കി തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വിശ്വാസവഞ്ചന നടത്തി 5,85,000 രൂപ കബളിപ്പിച്ചെന്ന തൊടുപുഴ സ്വദേശിനിയുടെ പരാതിയിലാണ് 2019-ൽ കേസെടുത്തത്. തിരുവനന്തപുരത്തെ ഭാരത് സേവക് സമാജിന് കീഴിലുള്ള നൈപുണി വികസന സ്ഥാപനമായ നാഷണൽ സ്കിൽ ഇന്ത്യ മിഷൻ വഴി ഇന്റഗ്രേറ്റഡ് അപ്പാരൽ മാനേജ്മെന്റ് ട്രെയിനിങ് സെന്റർ അനുവദിച്ചുതരാമെന്ന് പറഞ്ഞ് 2,05,000 രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. സ്ഥാപനം തുടങ്ങുന്നതിനായി 3,80,000 രൂപ ചെലവായതായും പരാതിയിലുണ്ട്. രണ്ടാംപ്രതി കല വഞ്ചനയ്ക്ക് കൂട്ടുനിന്നതായും പാതിയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments