ആദായ നികുതി ഇളവ് 12 ലക്ഷമാക്കി ഉയർത്തിയതോടെ പെൻഷൻകാരും ഹാപ്പി. സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ച പെൻഷൻകാർ ഇനി മുതൽ ആദായ നികുതി അടയ്ക്കേണ്ട.
ഏറ്റവും കുറഞ്ഞ സർവീസ് പെൻഷൻ 11500 രൂപയാണ്. പരമാവധി പെൻഷൻ 83,400 രൂപയും. ഇതിനോടൊപ്പം 12 ശതമാനം ക്ഷാമ ആശ്വാസവും ലഭിക്കും. പരമാവധി പെൻഷനായ 83,400 രൂപയുടെ കൂടെ 12 ശതമാനം ക്ഷാമ ആശ്വാസവും കൂട്ടിയാൽ ലഭിക്കുന്നത് 93,408 രൂപയാണ്. ഒരു ലക്ഷത്തിന് മുകളിൽ മാസ വരുമാനം ഉണ്ടായാൽ മാത്രം നികുതി അടച്ചാൽ മതി.
സംസ്ഥാന സർവീസ് പെൻഷൻകാർ ആരും നികുതി അടയ്ക്കേണ്ടി വരില്ല എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.സംസ്ഥാനത്ത് 50000 രൂപക്ക് മുകളിൽ പെൻഷൻ തുക ലഭിക്കുന്നവർ 27,428 പേരെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.ആറര ലക്ഷത്തോളം പെൻഷൻകാരാണ് സംസ്ഥാനത്ത് ഉള്ളത്.
ഇതിൽ 50 ശതമാനവും 20000 രൂപക്ക് താഴെയാണ് പെൻഷൻ വാങ്ങിക്കുന്നത്.പെൻഷൻകാരുടെ നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. കഴിഞ്ഞ പെൻഷൻ പരിഷ്കരണത്തിൻ്റെ നാലാം ഗഡു ഇതുവരെ കൊടുത്തില്ല. പെൻഷൻ പരിഷ്‌കരണത്തിന്റെ നാല് ഗഡുക്കൾ 2021 ഏപ്രിൽ, മെയ്, ഓഗസ്റ്റ് നവംബർ മാസങ്ങളിൽ വിതരണം ചെയ്യുമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയത്. രണ്ട് ഗഡുക്കൾ നൽകി. മൂന്നാം ഗഡു നൽകിയത് 2024 മാർച്ച് മാസവും. 592 കോടിയാണ് നാലാം ഗഡു കൊടുക്കാൻ വേണ്ടത്.