FinanceNews

Budget 2025: 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി; പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ആറ് പ്രധാന മേഖലകളിലാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. നികുതി, വൈദ്യുതി, നഗര വികസനം, ഖനനം, സാമ്പത്തിക മേഖല, നിയന്ത്രണ നയങ്ങൾ എന്നിവയാണ് ഊന്നൽ നൽകിയ മേഖലകൾ.

യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയ ബജറ്റാണിത്. മധ്യവർഗത്തിന്റെ ശക്തി വർധിപ്പിക്കുന്നതും വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശക്തിപ്പെടുത്തുന്നതുമായ ബജറ്റാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ വിളവൈവിധ്യവും കാർഷിക ഉൽപാദനവും വർധിപ്പിക്കുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചന സംവിധാനം മെച്ചപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകർക്ക് ഈ പദ്ധതി സഹായകരമാകുമെന്ന് ധനമന്ത്രി പറഞ്ഞു. പച്ചക്കറിപഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.

ബിഹാറിനായി മഖാന ബോർഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന (ബിഹാറിലെ പ്രത്യേക തരം താമരവിത്ത്) ഉൽപാദനം, സംഭരണം, വിതരണം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ഈ ബോർഡിന്റെ ലക്ഷ്യം. മഖാനയുടെ ഉൽപാദനത്തിനായി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് ബിഹാർ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുകയും ചെയ്യും. ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇത് ലക്ഷ്യമിടുന്നു. അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബോറട്ടറീസ് (എടിഎൽ) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *