
എറണാകുളം തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ഫ്‌ളാറ്റിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്‌കൂൾ. ഇതുവരെ കുടുംബം റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിർ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്‌കൂൾ വിശദീകരിക്കുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നാണ് മനേജ്‌മെന്റ് നിലപാടെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
അതേസമയം, മിഹിറിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. ഗ്ലോബൽ പബ്ലിക് സ്‌കൂൾ അധികൃതരുടെ മൊഴിയും പൊലീസ് ശേഖരിച്ചു. കേസിൽ ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പൊലീസ് ഉടനെ സംസാരിക്കും.
ജനുവരി 15-നാണ് മിഹിറെന്ന പതിനഞ്ച് വയസുകാരൻ ഫ്‌ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സ്‌കൂൾ വിട്ടു വന്ന ശേഷം, താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന്റെ 26 ാം നിലയിൽ നിന്ന് താഴേക്ക് ചാടി. മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് മിഹിർ വീണ് മരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കുട്ടിയുടെ സഹപാഠികളിൽ ചിലർ നൽകിയ വിവരത്തിന്റെയും ഇവർക്കിടയിലെ ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളും കണ്ടതോടെയാണ് വീട്ടുകാർക്ക് ആത്മഹത്യയിലെ ദുരൂഹത ബോധ്യപ്പെട്ടത്.
മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഗ്ലോബൽ പബ്ലിക് സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.സ്‌കൂളിലും സ്‌കൂൾ ബസിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മർദിച്ചു. വാഷ് റൂമിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. ക്ലോസറ്റിൽ മുഖം മുക്കി വച്ച് ഫ്‌ലഷ് ചെയ്തു. കേട്ടാലറയ്ക്കുന്ന ചെയ്തികൾ വേറെയും. നിറത്തിന്റെ പേരിൽ കുത്തുവാക്കുകളും പരിഹാസവും തുടർക്കഥയായിരുന്നെന്ന് മാതാവ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മരണത്തിനു ശേഷവും ഇതേ പരിഹാസം തുടർന്നതിന്റെ തെളിവുകളും പൊലീസിനു കൈമാറി. സ്‌കൂളിൽ നേരിട്ട ക്രൂരതകളിൽ നിസഹാനായി ജീവനൊടുക്കേണ്ടി വന്നെന്നാണ് കുടുംബത്തിന്റെ പരാതി. ഗ്ലോബൽ സ്‌കൂളിനു പുറമെ, മിഹിർ മുമ്പ് പഠിച്ച ജെംസ് സ്‌കൂളിനെതിരെ ബാലാവകാശ കമ്മീഷനും കുടുംബം പരാതി നൽകി. സ്‌കൂളിലെ വൈസ് പ്രിൻസിപ്പൽ ഉപദ്രവിച്ചെന്നാണ് ആരോപണം. അതിക്രൂരമായ റാഗിങ് കഥയാണ് ചോറ്റാനിക്കര ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ നിന്ന് പുറത്തു വരുന്നത്.