
സോളാർ കേസിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയെ വഞ്ചിച്ചുവെന്ന കേസിൽ മൂന്നുപേരെ വെറുതെവിട്ടു. സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് സരിതക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
വിൻസൻ്റ് സൈമൻ നല്‍കിയ പരാതിയില്‍ 2014 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. ടീം സോളാറിൻ്റെ ഡീലർഷിപ്പ് തൃശൂർ, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. പണം വാങ്ങിയതിന് ശേഷം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു കേസ്.
സോളാർ ഡീലർഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം വാങ്ങിയെന്ന കേസുകള്‍ ഇവർക്കെതിരെ മറ്റ് കോടതികളിലും നിലവിലുണ്ട്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദില്‍ നിന്ന് 42 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന കേസില്‍ 2021 ല്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളിലൊക്കെ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.