CrimeNews

രണ്ടു വയസ്സുകാരി കിണറ്റില്‍ മരിച്ച നിലയില്‍; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കിണറ്റിൽ ഇട്ടുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ഉള്ളിലുള്ളത് കിണറ്റിൽ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല എന്നതാണ് ഇൻക്വസ്റ്റിലെ പ്രാഥമിക നിഗമനം.

സംഭവത്തിൽ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടി ഇന്നലെ രാത്രി എവിടെയായിരുന്നുവെന്നുള്ള ചോദ്യത്തിൽ കുടുംബാംഗങ്ങളിൽ നിന്ന് വ്യത്യസ്തമായ മൊഴികളാണ് ലഭിക്കുന്നത്.

ബാലരാമപുരം കോട്ടുകാൽക്കോണത്ത് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ ഇന്ന് പുലർച്ചെ മുതൽ കാണാതാവുകയായിരുന്നു. പുലർച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോൾ കുഞ്ഞ് ഉണർന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നൽകിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് തന്നോട് ഒപ്പം ഉറങ്ങാൻ കിടന്നു എന്നായിരുന്നു. പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് തിരുത്തി. സഹോദരന്റെ മുറിയിൽ പുലർച്ചെ തീപിടുത്തം ഉണ്ടായി. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നും ഇവർ പറയുന്നു. മുറിയിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു എന്ന് കോവളം എംഎൽഎ വിൻസന്റും പറഞ്ഞു.

രാവിലെ രണ്ടു വയസ്സായ കുട്ടിക്ക് കിണറ്റിനടുത്ത് പോകേണ്ട കാര്യമില്ലെന്നും കൊലപാതകം എന്നുറപ്പിക്കാൻ വിശദമായ അന്വേഷണം വേണമെന്നും തിരുവനന്തപുരം റൂറൽ എസ്പിയുൾപ്പെടെയുള്ളവരുടെ നിലപാട്. നെയ്യാറ്റിൻകര ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നൽകും.

ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിൽ ലഭിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വീടിന് പിൻഭാഗത്ത് ഒരു കിണർ ഉണ്ടായിരുന്നു. കുട്ടി അവിടെ വീണു പോയോ എന്നുള്ള സംശയം ഉയർന്നതിനെ തുടർന്ന് ഫയർ ഫോഴ്സ് സംഘത്തെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പ് കുടുംബം 30 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ ഈ സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായതോടെയാണ് പോലീസ് കേസെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *