
ചോറ്റാനിക്കരയിലെ വീടിനുള്ളിൽ ആക്രമണത്തിനിരയായി അവശനിലയിൽ കണ്ടെത്തിയ പോക്‌സോ അതിജീവിതയുടെ നില അതിഗുരുതരാവസ്ഥയിൽ. ഞായറാഴ്ചയാണ് യുവതിയെ അർധനഗ്‌നയായ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില മാറ്റമില്ലാതെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പെണ്‍കുട്ടിയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
പെൺകുട്ടിയുടെ ആൺസുഹൃത്ത് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ടായിരുന്നു. അനൂപ് എന്നാണ് ഇയാളുടെ പേര്. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ പയ്യൻ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇടക്കിടെ വരാറുണ്ടായിരുന്നെന്ന് വാർഡ് മെമ്പറും നാട്ടുകാരും പറയുന്നു. ഏതെങ്കിലുമൊരു വണ്ടിയിൽവരും കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുപോകുമെന്ന് നാട്ടുകാർ പറഞ്ഞു.
മുൻപ് നാട്ടിലെ ചില ആളുകളുമായി റോഡിൽവച്ച് പ്രശ്‌നമുണ്ടാവുകയും തുടർന്ന് സമീപവാസികൾ ചേർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. യുവാവ് ശനിയാഴ്ച രാത്രി 11നാണ് പോക്‌സോ അതിജീവിതയുടെ വീട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ അവശയായ നിലയിൽ ബന്ധു കണ്ടെത്തിയത്. അർധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിൽ കയർ മുറുക്കിയ നിലയിലും കയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലുമായിരുന്നു.
2021ലെ പോക്‌സോ കേസിലെ അതിജീവിതയാണ് ഈ 20കാരി. കഴുത്തിലുള്ള മുറിവ് ഗുരുതരമാണ്. ദേഹമാസകലം ചതവുണ്ട്. പെൺകുട്ടി ആക്രമിക്കപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. തലയോലപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണ്.
യുവാവിനെ കണ്ട കാഴ്ചയിൽ തന്നെ ഒരു സുഖകരമല്ലാത്ത ലുക്കാണ് തോന്നിയതെന്നും, ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു. ദത്തുപുത്രിയായിരുന്ന ഈ പെൺകുട്ടിയുടെ പിതാവ് സൈനിക ഓഫീസറായിരുന്നു. നാലുവർഷം മുൻപാണ് ഇദ്ദേഹം മരണപ്പെട്ടത്.
പെൺകുട്ടി ഇപ്പോഴും അബോധാവസ്ഥയിലായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. ഞായറാഴ്ച ഉച്ചസമയത്താണ് പെൺകുട്ടിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. കയ്യിലെ മുറിവിൽ ഉരുമ്പരിച്ച നിലയിലായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടിൽ ഒറ്റക്കായ യുവതിയെ ആക്രമിച്ചതാണെന്നാണ് നിഗമനം. സമീപത്തുകൂടി പോയ ബന്ധുവാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടതെന്നും പൊലീസ് പറയുന്നു.