Kerala Government NewsNews

ബ്രൂവറി പ്ലാന്റിന് അനുമതി നൽകിയത് മറ്റ് വകുപ്പുകളുമായി ആലോചിക്കാതെ; ക്യാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്

ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മ്മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെ . മന്ത്രിസഭ യോഗ പരിഗണനയ്ക്ക് വന്ന കുറിപ്പ് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്‌സൈസ് മന്ത്രി വ്യക്തമായി എഴുതിയിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞ വര്‍ഷം നവംമ്പര്‍ എട്ടിനാണ് ഫയല്‍ മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നല്‍കുന്നത്. മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയല്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേര്‍ന്നാണ് ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ്. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതേയില്ല. മുന്നണിയിലും ചര്‍ച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം? ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇത്തരം പ്ലാന്റുകള്‍ തുടങ്ങുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷം ചോദിച്ചത്.

മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി നടത്തിവിജയിപ്പിച്ച പരിചയ സമ്പന്നത എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡല്‍ഹി മദ്യ നയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂര്‍വം മറച്ചുവച്ചു.

എന്നാല്‍ എക്‌സൈസ് മന്ത്രി നിരന്തരം ആവര്‍ത്തിക്കുന്ന ഒരു വാദം മന്ത്രിസഭ നോട്ടില്‍ പൊളിയുന്നുണ്ട്. മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നു മാത്രമാണ് 2023-24 ലെ മദ്യ നയത്തില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം മന്ത്രിസഭ യോഗത്തിന് മുന്നില്‍ വന്ന കുറുപ്പില്‍ സമ്മതിക്കുന്നുമുണ്ട്. ഈയൊരൊറ്റ തീരുമാനത്തിന്റെ ബലത്തിലാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈന്‍ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നല്‍കിയത്.

ഈ വിഷയത്തില്‍ എല്‍.ഡി.എഫ് ഘടകകക്ഷികളുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *