
നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ മൊഴിയിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. തുടക്കത്തിൽ വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി പിന്നീട് ഈ മൊഴി തള്ളിക്കളഞ്ഞു. സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ചെന്താമരയുടെ മൊഴി. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലയിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞു. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി.
എന്നാല്‍ ഈ മൊഴി വിശ്വസിച്ചിട്ടില്ല. കാലങ്ങളായുള്ള പകയുടെയും വൈരാഗ്യത്തിൻ്റെയും കാരണം കൊണ്ടാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ആ കുടുംബത്തിലെ എല്ലാവരോടും ഇയാള്‍ക്ക് പകയായിരുന്നുവെന്ന് പാലക്കാട് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ പോലീസിനെ നിരീക്ഷിച്ചിരുന്നതായും മലയില്‍ തന്നെ കഴിഞ്ഞിരുന്നതായും പോലീസ് പറയുന്നു.
പൊലീസിനോട് ആദ്യം ചോദിച്ചത് ഭക്ഷണമായിരുന്നു. കൊലപാതകത്തിന് ശേഷം ലോക്കപ്പിലെത്തിച്ചപ്പോൾ ചിക്കനും ചോറും ആവശ്യപ്പെട്ടു. പൊലീസ് നൽകിയ ഭക്ഷണം പ്രതി ആസ്വദിച്ച് കഴിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.ചെന്താമര അഞ്ച് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും ഭാര്യയെ ആദ്യം ലക്ഷ്യമിട്ടിരുന്നുവെന്നും മൊഴിയിൽ പറയുന്നു. എന്നാൽ ഭാര്യയെ കണ്ടെത്താനായില്ല. തുടർന്ന് സുധാകരനെയും അമ്മയെയും കൊലപ്പെടുത്താൻ തീരുമാനിച്ചു.
മന്ത്രവാദിയുടെ ഉപദേശം പ്രകാരമാണ് കൊലപാതകം നടത്തിയെന്ന ആദ്യത്തെ മൊഴിയിൽ നിന്ന് പ്രതി പിന്നീട് പിന്മാറി. മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായി എന്നാണ് പുതിയ മൊഴിയിൽ പറയുന്നത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ ചെന്താമരയെ ചോദ്യം ചെയ്യുന്നു. ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.
കൊലപാതകം നടന്ന് 35 മണിക്കൂറിനുശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഇരട്ടക്കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താൻ പൊലീസ് വളരെ കഷ്ടപ്പെടേണ്ടി വന്നു. തമിഴ്നാട്ടിലും ഇയാൾ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ കുളങ്ങളും കിണറുകളും വരെ അരിച്ചുപെറുക്കിയിരുന്നു.
പോത്തുണ്ടി വനമേഖലയിലും തിരച്ചിൽ നടത്തി. തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലേറെ പേർ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തിരുത്തംപാടം മേഖലയിലെ കുളം, പുഴ, വെള്ളക്കെട്ടുകൾ, പാറമടകൾ എന്നിവ പരിശോധിച്ചു. ചെന്താമരയുടെ മുറിയിൽനിന്നു വിഷക്കുപ്പി കണ്ടെടുത്ത പശ്ചാത്തലത്തിൽ ഇയാൾ വിഷം കഴിച്ചു വെള്ളത്തിൽ ചാടിയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്.