
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്.
ഈ പ്രദേശത്ത് രാത്രി ഏറെ നേരം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എല്ലാവരും തിരച്ചിൽ നിർത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയിൽ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.