
സിബിഐ അന്വേഷണം വേണം: നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകൾ പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. കേസന്വേഷണം ശരിയായ രീതിയിൽ നടക്കാനും യഥാർഥ പ്രതികളെ പിടികൂടാനും കേസ് സി.ബി.ഐക്ക് വിടണമെന്നാണ് മഞ്ജുഷ ആവശ്യപ്പെടുന്നത്.
സിബിഐ അന്വേഷണത്തിനുള്ള ഹർജി പരിഗണിക്കാതെ തള്ളിയതിനെതിരേയാണ് വീണ്ടും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നിലവിലെ അന്വേഷണത്തിലെ പോരായ്മകളും വൈരുദ്ധ്യങ്ങളും കണക്കിലെടുക്കാതെയാണ് ഹർജി തള്ളിയതെന്നാണ് ആരോപണം. അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്നും പ്രതിക്ക് ഭരണകക്ഷിയുമായുള്ള ബന്ധം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം ആവശ്യമായ അപൂർവവും അത്യാവശ്യവുമായ കേസായി ഇത് കണക്കാക്കേണ്ടതായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എസ്.ഐ.ടി നടത്തുന്ന നിലവിലെ അന്വേഷണം കുടുംബത്തിന് വിശ്വാസം നൽകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നുണ്ടെന്നും നിർണായകമായ നിരവധി വശങ്ങൾ അവഗണിക്കപ്പെടുന്നുണ്ടെന്നും ആരോപിക്കപ്പെടുന്നു. ഇത് നീതി നിഷേധത്തിലേക്ക് നയിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂർണമാണ്. ഈ നിലയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സിംഗിൾ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹർജി തള്ളിയത്. സംസ്ഥാന സർക്കാറിന് അന്വേഷിക്കാമെന്ന് സിംഗിൾ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നു. ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
2024 ഒക്ടോബർ 15 ന് ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിനെ കണ്ടെത്തിയത്. ഭാര്യ ഈ സംഭവത്തിൽ കൊലപാതക സാധ്യത ഉന്നയിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ദിവ്യ പൊലീസിന്റെ സഹായത്തോടെ തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചു.
നേരത്തെ, നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്നതു പോലെ കൊലപാതകത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ സംശയങ്ങൾ പരിഹരിക്കാനുള്ള അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട പി.പി. ദിവ്യക്ക് യാതൊരു പരിഗണനയും നൽകില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിയോ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ഹരജിക്കാരി പറയുന്നു.