
മണിയൻപിള്ള രാജു അതിജീവിച്ചത് ക്യാൻസറിനെ; ആരോഗ്യത്തെക്കുറിച്ച് മകൻ
മലയാള സിനിമയിലെ പ്രിയ താരം മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകൾക്ക് മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിശദീകരണം നൽകി. അച്ഛൻ പൂർണ ആരോഗ്യവാനാണെന്നും തൊണ്ടയിലെ അർബുദ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും നിരഞ്ജ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂട്ടിയുടെ മാനേജർ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ മെലിഞ്ഞ രൂപം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു. താരത്തിന്റെ ശബ്ദം പോലും നഷ്ടമായെന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുകയാണെന്നുമായിരുന്നു പ്രധാനമായും പ്രചരിച്ച വാർത്തകൾ.
എന്നാൽ, താരം മെലിഞ്ഞു പോയതിന്റെ യഥാർഥ കാരണം വ്യക്തമാക്കുകയാണ് മകൻ നിരഞ്ജ്. “അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്” എന്ന് നിരഞ്ജ് പറഞ്ഞു. കീമോ ചികിത്സയ്ക്ക് ശേഷം വായിലെയും തൊണ്ടയിലെയും തൊലി ശരിയായി വരാൻ ആറു മാസം എടുക്കുമെന്നും അപ്പോൾ നല്ല ഭക്ഷണം കഴിച്ചുതുടങ്ങിയാൽ പോയ വണ്ണം തിരിച്ചു വരുമെന്നും നിരഞ്ജ് കൂട്ടിച്ചേർത്തു.
അതേസമയം, മോഹൻലാൽ ചിത്രം ‘തുടരും’ ആണ് മണിയൻപിള്ളയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആരോഗ്യം വീണ്ടെടുത്ത താരം ഷൂട്ടുകൾക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നും നിരഞ്ജ് പറയുന്നു.
നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ തുടങ്ങി വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മണിയൻപിള്ള രാജു. പ്രായം 69 ആയെങ്കിലും ചുറുചുറുക്കുള്ള കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ ഇപ്പോഴും സിനിമയിൽ സജീവമാണ് താരം.