
തിരുവനന്തപുരം: കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് പദവി നല്‍കി കോണ്‍ഗ്രസ്. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കെ.പി.സി.സി വക്താവായാണ് നിയമനം. വക്താക്കളുടെ പട്ടികയിലേക്ക് സന്ദീപ് വാര്യരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പും കെ.പി.സി.സി സെക്രട്ടറി അഡ്വ. എം. ലിജു പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും. അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്.
അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.
ബിജെപി വിട്ട സന്ദീപ് വാര്യർക്ക് അനുകൂലമായ നിലപാടാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും കൈക്കൊള്ളുന്നത്. മുസ്ലിംലീഗ് അണികള്‍ക്കിടയിലും സന്ദീപിന് സ്വീകാര്യതയുണ്ട്. ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായാണ് കോണ്‍ഗ്രസ് സന്ദീപിനെ മുന്നില്‍ നിർത്തുന്നത്.