NationalNews

ജാതി സെൻസസ് നടത്താൻ കേന്ദ്രം; പൊതു സെൻസസിനൊപ്പം വിവരങ്ങൾ ശേഖരിക്കും

ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പൊതു സെൻസസിനൊപ്പം തന്നെ ജാതി വിവരങ്ങളും ശേഖരിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ജാതി സെൻസസിനായുള്ള രാഷ്ട്രീയകാര്യ മന്ത്രിതല സമിതിയുടെ ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു. സെൻസസ് നടപടികൾ സുതാര്യമായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നിർണായക തീരുമാനം.

ജാതി സെൻസസിനെ കോൺഗ്രസ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് ആരോപിച്ചു. ചില സംസ്ഥാനങ്ങൾ നടത്തുന്നത് കേവലം ജാതി സർവേ മാത്രമാണ്. സെൻസസ് എന്നത് കേന്ദ്ര വിഷയമാണ്. സംസ്ഥാനങ്ങൾ നടത്തിയ സർവേകൾക്ക് സ്വകാര്യതയില്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അവ നടത്തിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത് ജനങ്ങളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷത്തിൻ്റെ വെല്ലുവിളി മറികടക്കാനുള്ള കേന്ദ്രത്തിൻ്റെ തന്ത്രപരമായ നീക്കമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. ബിജെപി സഖ്യകക്ഷിയായ ജെ.ഡി.യു ജാതി സെൻസസിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. നേരത്തെ രാഹുൽ ഗാന്ധിയും കോൺഗ്രസും ജാതി സെൻസസ് ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ജാതി സെൻസസിനെ മുൻപ് എതിർത്തിരുന്ന ബിജെപിയുടെ പുതിയ നീക്കം ഇരട്ടത്താപ്പാണെന്ന് സി.പി.എം പ്രതികരിച്ചു.

ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പാണ് ജാതി സെൻസസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കേവലം എണ്ണമെടുക്കൽ മാത്രമല്ല, ഓരോ ജാതി വിഭാഗവും കൈയാളുന്ന അധികാര സ്ഥാനങ്ങളുടെ കണക്കെടുപ്പ് കൂടിയാണ്. ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക-തൊഴിൽ-വിദ്യാഭ്യാസപരമായ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിൻ്റെ സഹായം എത്താത്ത ഇടങ്ങൾ എവിടെയെല്ലാം, വിഭവങ്ങളുടെ വിതരണം എങ്ങനെ നടക്കുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കും.

ജാതി സെൻസസിലൂടെ പുറത്തുവരുന്ന വിവരങ്ങൾ ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടും. പിന്നാക്ക വിഭാഗങ്ങളുടെ യഥാർത്ഥ അവസ്ഥ എന്താണ്, അധികാരവും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകും. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ട ഇന്ത്യയിലെ സാമൂഹിക നീതിയുടെ പ്രതിഫലനമായിരിക്കും ഈ വിവരങ്ങൾ.

ബ്രിട്ടീഷ് ഭരണകാലത്ത് 1931 വരെ ഇന്ത്യയിൽ ജാതി സെൻസസ് നടന്നിട്ടുണ്ട്. 1955 ലെ കാകാ കലേക്കർ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ശുപാർശകളിൽ പ്രധാനപ്പെട്ട ഒന്ന് 1961 മുതൽ ജാതി സെൻസസ് നടത്തണമെന്നതായിരുന്നു. എന്നാൽ, ഇതുവരെയായിട്ടും അങ്ങനെയൊരു സെൻസസ് നടന്നിട്ടില്ല. എൺപതുകളിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ജാതി സെൻസസ് വീണ്ടും സജീവ ചർച്ചാ വിഷയമായി. 2011 ൽ മൻമോഹൻ സിംഗ് സർക്കാരിൻ്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) എന്ന പേരിൽ ഒരു സെൻസസ് നടത്തിയെങ്കിലും അതിൻ്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.