തലസ്ഥാന ജില്ലയിൽ സ്ഥാനാർത്ഥികളെ തേടി സി.പി.എം. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് നിലവിലെ ഭരണ പാർട്ടി.
ഭരണ വിരുദ്ധ വികാരം മറികടക്കാൻ പുതുമുഖ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനാണ് നീക്കം. എം.എൽ.എമാരെ മണ്ഡലം മാറ്റി മൽസരിപ്പിക്കാനും ആലോചനയുണ്ട്.
പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നേമം, കഴക്കൂട്ടം, വാമനപുരം, വർക്കല എന്നി നിയമസഭ മണ്ഡലങ്ങളിലേക്കാണ് വിജയസാധ്യതയുള്ള പുതുമുഖ സ്ഥാനാർത്ഥികളെ തേടുന്നത്.
സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ഐ.ബി സതീഷ് , വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, വി. ജോയി എന്നിവർക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ല. ജില്ലാ സെക്രട്ടറി എന്ന നിലയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പ്രധാന ചുമതലയും വി ജോയിക്കാണ്.
നേമത്ത് ശിവൻകുട്ടിക്ക് പകരം മേയർ ആര്യ രാജേന്ദ്രനെയാണ് സ്ഥാനാർത്ഥി ആയി പരിഗണിക്കുന്നത്. കെ. മുരളിധരൻ വട്ടിയൂർക്കാവ് മൽസരിക്കുമെന്ന വാർത്തകൾ ശക്തി പ്രാപിച്ചതോടെ വി. കെ. പ്രശാന്തിന് വട്ടിയൂർക്കാവിനോട് മമത കുറഞ്ഞിരിക്കുകയാണ്.
കടകം പള്ളി സുരേന്ദ്രൻ മാറുന്ന കഴക്കൂട്ടത്താണ് വി.കെ. പ്രശാന്തിൻ്റെ കണ്ണ്. ഐ.ബി സതീഷ് ഒഴിയുന്ന കാട്ടാക്കടയിലേക്ക് അരുവിക്കര എം എൽ എ ജി. സ്റ്റീഫൻ മാറും.
ഡിവൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ , രാജ്യ സഭ എം.പി എ.എ. റഹീം എന്നിവരും സ്ഥാനാർത്ഥി പരിഗണന പട്ടികയിൽ ഉണ്ട്.
14 നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരത്ത് ഉള്ളത്. 2021 ൽ 1 സീറ്റിൽ മാത്രമാണ് തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫിന് ജയിക്കാൻ സാധിച്ചത്. കോവളം മാത്രമാണ് യു.ഡി.എഫിൻ്റെ കൂടെ നിന്നത്. ബാക്കി 13 ഉം എൽ.ഡി എഫിൻ്റെ കയ്യിലാണ്. ഭരണവിരുദ്ധ വികാരം ഏറ്റവും കൂടുതൽ പ്രതിഫലിക്കുക തലസ്ഥാന ജില്ലയിൽ ആയിരിക്കും എന്ന് മനസിലാക്കിയാണ് സി പി എമ്മിൻ്റെ മുന്നൊരുക്കങ്ങൾ.