റിപ്പോർട്ടർ ടി.വിയോട് ഔദ്യോഗികമായി ബഹിഷ്‌കരണം പ്രഖ്യാപിച്ച് കോൺഗ്രസ് പാർട്ടി. റിപ്പോർട്ടർ ടിവി സംഘടനക്കും നേതൃത്വത്തിനും എതിരെ നൽകിയ തെറ്റായ വാർത്തകളിൽ ഖേദം പ്രകടിപ്പിക്കുകയോ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സൃഷ്ടിച്ച കേസുകളിൽ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തിൽ റിപ്പോർട്ടർ ചാനലുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കാൻ ഔദ്യോഗികമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി തീരുമാനിച്ച വിവരം കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജുവാണ് വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ അത്യുജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തുന്ന വിധം ഐക്യ ജനാധിപത്യ മുന്നണിയെ വർഗ്ഗീയ കക്ഷികളുമായി കൂട്ടിക്കെട്ടിയ റിപ്പോർട്ടർ ടിവിയുടെ സമീപനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ ചാനൽ കോൺഗ്രസ്സിനെതിരെ ഉപതെരഞ്ഞെടുപ്പുകളുടെ തുടക്കം മുതൽ തുടർച്ചയായി വ്യാജ വാർത്തകൾ സംപ്രേക്ഷണം ചെയ്യുകയും അതിനെ നവമാധ്യമങ്ങളിൽ വിമർശിച്ച കോൺഗ്രസ് അണികൾക്ക് നേരെ വ്യാജ പരാതികൾ കൊടുത്ത് കേസ് എടുപ്പിക്കുകയും ചെയ്തത് നീതീകരിക്കാനാവാത്ത പ്രവർത്തനങ്ങളാണെന്ന് കെ.പി.സി.സി ആരോപിച്ചു.
വാർത്താ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
തെറ്റായ പരാമർശങ്ങളിൽ ഖേദപ്രകടനം നടത്തണമെന്ന് റിപ്പോർട്ടർ ചാനലിനോട് വാക്കാൽ ആവശ്യപ്പെട്ടിട്ടും ഇതുവരെയും വ്യാജവാർത്തകൾ പിൻവലിക്കാതെ പാർട്ടിയെ വെല്ലുവിളിക്കുകയും പാർട്ടി പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്ന സമീപനമാണ് ചാനൽ സ്വീകരിച്ചത്. ഏറ്റവും ഒടുവിലായി വയനാട് നടന്ന ദൗർഭാഗ്യകരമായ ഒരു സംഭവത്തിന്റെ പേരിലും കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രസ്തുത ചാനൽ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലവും നില കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. എന്നാൽ നിരന്തരം വ്യാജ വാർത്തകൾ നൽകി പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ടി ചാനലിന്റെ ശ്രമങ്ങൾ നിസ്സാരമായും നിഷ്‌കളങ്കമായും കരുതുക വയ്യ.
സത്യസന്ധമായി വാർത്തകൾ നൽകു വാനും നിയമങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കുവാനും ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങൾ എന്നും മുന്നിൽ ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ തന്നെ ഭരണകൂടങ്ങൾ മാധ്യമങ്ങളെ സ്വാധീനിച്ച് പ്രതിപക്ഷ പാർട്ടികൾക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനാൽ ജനാധിപത്യം തന്നെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത് എന്ന വസ്തുത തള്ളിക്കളയാൻ സാധിക്കില്ല.
റിപ്പോർട്ടർ ചാനലിന്റെ വ്യാജ വാർത്തകളെയും സമീപനങ്ങളെയും പാർട്ടി വളരെ ഗൗരവത്തോടു കൂടി കണക്കിലെടുത്ത് മാധ്യമ ചർച്ചകളിൽ നിന്ന് വിട്ട് നിന്നിട്ടും പ്രസ്തുത മാധ്യമം അവരുടെ തെറ്റായ വാർത്തകളിൽ ഖേദം പ്രകടിപ്പിക്കുകയോ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സൃഷ്ടിച്ച കേസുകളിൽ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തിൽ റിപ്പോർട്ടർ ചാനലുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കാൻ ഔദ്യോഗികമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി തീരുമാനിച്ച വിവരം അറിയിക്കുന്നു.