CinemaKeralaNews

രണ്ട് മോഹൻലാൽ ചിത്രങ്ങൾ കൂടി റീ റിലീസിന് ഒരുങ്ങുന്നു

ഇന്ത്യന്‍ സിനിമയില്‍ മൊത്തത്തിലുള്ള റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ നിന്നും ചിത്രങ്ങള്‍ എത്തിയിരുന്നു. മൂന്ന് ചിത്രങ്ങളാണ് പ്രേക്ഷകരെ തേടി ഇതിനകം വീണ്ടും തിയറ്ററുകളിലേക്ക് എത്തിയത്. ഇവ മൂന്നും മോഹന്‍ലാല്‍ ചിത്രങ്ങളാണ് എന്നതാണ് പ്രധാന കൗതുകം. എന്നാല്‍ ഈ ട്രെന്‍ഡ് ഉടൻ എങ്ങും അവസാനിക്കാന്‍ സാധ്യതയില്ല. മോഹന്‍ലാലിന്‍റെ തന്നെ രണ്ട് ചിത്രങ്ങള്‍ റീ റിലീസിന് തയ്യാറെടുക്കുകയുമാണ്.

മണി രത്നവും മോഹന്‍ലാലും ഒരുമിച്ച തമിഴ് ചിത്രം ഇരുവര്‍, രഞ്ജിത്ത്- ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീമിന്‍റെ ആറാം തമ്പുരാന്‍ എന്നിവയാണ് റീ റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിക്കുന്നത്. “സ്ഫടികവും മണിച്ചിത്രത്താഴുമൊക്കെ വീണ്ടും വന്നതു തന്നെ വലിയ അത്ഭുതമാണ്. പഴയ ഒരുപാട് സിനിമകളുടെ നെഗറ്റീവ് ഒരിടത്തുമില്ല. ഇവിടെ ഒരു ആര്‍ക്കൈവ് ഇല്ല. ഇപ്പോള്‍ ഒരു വലിയ മൂവ്‍മെന്‍റ് നടക്കുന്നുണ്ട്. അത് കേരളത്തിലേക്കും വരികയാണ്. ഇത്തരം സിനിമകള്‍ റെസ്റ്റോര്‍ ചെയ്യാനായി പഠിപ്പിക്കുന്നു. ഹോളിവുഡിലെ വലിയ സംവിധായകരുടെയൊക്കെ നേതൃത്വത്തിലാണ് അത് നടക്കുന്നത്.”

അവര്‍ ഇരുവര്‍ ചെയ്യുന്നുണ്ട്. എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ക്ലാസിക്കുകളായിരിക്കും അവര്‍ ചെയ്യുക. മണിച്ചിത്രത്താഴൊക്കെ കിട്ടിയത് വലിയ ഭാഗ്യമാണ്. പല ലാബുകളും സ്റ്റുഡിയോകളും അടച്ചു. ഇതൊക്കെ എവിടെയോ കൊണ്ട് ഇട്ടു. ആറാം തമ്പുരാനും റീമാസ്റ്റര്‍ ചെയ്യുന്നുണ്ട്. ഇതൊരു ട്രെന്‍ഡ് ആണ്. എത്ര നാള്‍ ഇത് ഉണ്ടാവുമെന്ന് അറിയില്ല. കണ്ട സിനിമകള്‍ വീണ്ടും തിയറ്ററില്‍ കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് പുതുക്കിയ സൌണ്ടിംഗ് ആയിരിക്കും. അങ്ങനെ ഉണ്ടാവുന്ന തിയറ്റര്‍ അനുഭവവും” മോഹന്‍ലാല്‍ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *