മെഡിസെപ്പിനെ ചൊല്ലി നിയമസഭയിൽ തർക്കം. മെഡിസെപ്പ് ഇടതു സർക്കാരിൻ്റെ നേട്ടമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവകാശവാദം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്.
അടിയന്തിര പ്രമേയം അവതരിപ്പിച്ച പി.സി വിഷ്ണുനാഥ് മെഡിസെപ്പിൻ്റെ ന്യൂനതകൾ അക്കമിട്ട് നിരത്തിയിരുന്നു. മെഡിസെപ്പ് സർക്കാരിൻ്റെ നേട്ടമായി അവതരിപ്പിച്ച ബാലഗോപാൽ ഇതോടെ മെഡിസെപ്പ് തുടരണോ എന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ രീതിയിലുള്ള മെഡിസെപ്പ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു.
മെഡിസെപ്പിനെ കുറിച്ച് പ്രതിപക്ഷം നയം വ്യക്തമാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന റീ ഇംപേഴ്‌സ്‌മെന്റിന് പകരമായാണ് നിങ്ങള്‍ മെഡിസെപ്പ് കൊണ്ടുവന്നത്. 240 കോടിയോളം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നത് ഒഴിവാക്കി. എന്നിട്ട് 5664 കോടി രൂപ ഇന്‍ഷൂറന്‍സ് കമ്പനിക്ക് കൊടുക്കേണ്ട സ്ഥാനത്ത് 6000 കോടി രൂപയാണ് ജീവനക്കാരില്‍ നിന്നും ഈടാക്കുന്നത്. ഈ ഇനത്തില്‍ 40 കോടി രൂപയാണ് സര്‍ക്കാര്‍ അടിച്ചുമാറ്റിയത്. ജി.എസ്.ടി ഇനത്തിലും 42 കോടി രൂപ വേറെ അടിച്ചുമാറ്റി. ഫലത്തില്‍ മെഡിസെപ്പില്‍ നിന്നും 322 കോടി രൂപ സര്‍ക്കാരിന് നേട്ടമുണ്ടാകും.
മെഡിസെപ്പ് ആശുപത്രിയുടെ പാനല്‍ നോക്കിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുഴുവന്‍ നേത്രരോഗികളാണോയെന്ന് തോന്നിപ്പോകും. പട്ടികയിലുള്ള വലിയ ആശുപത്രികളിലെ പ്രധാനപ്പെട്ട ഡിപ്പാര്‍ട്‌മെന്റുകളില്ല. എത്രയോ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ബില്ലിന്റെ പത്തിലൊന്നു പോലും ലഭിക്കാതെ വേറെ പണം അടച്ച് ഇറങ്ങിപ്പോകുന്നത്? എന്നിട്ടാണ് മെഡിസെപ്പിനെ കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നുവെന്ന് ചോദിക്കുന്നത്. ഈ മെഡിസെപ്പ് വേണ്ട എന്നതു തന്നെയാണ് ഞങ്ങളുടെ അഭിപ്രായമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.