
വാഹനം വാങ്ങരുത് ഉത്തരവിന് പുല്ലുവില! നിയമവകുപ്പിന് വാഹനം വാങ്ങാൻ പണം അനുവദിച്ച് കെ.എൻ. ബാലഗോപാൽ
വാഹനം വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴും സെക്രട്ടറിയേറ്റിൽ വാഹനം വാങ്ങൽ നിർബാധം തുടരുന്നു. ഏറ്റവും ഒടുവിൽ നിയമവകുപ്പിൽ 2 പുതിയ വാഹനങ്ങൾ വാങ്ങാൻ ധനമന്ത്രി പണം അനുവദിച്ചു.
ഈ മാസം 20 ന് 19.95 ലക്ഷമാണ് വാഹനം വാങ്ങാൻ അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ബൊലേറോ നിയോ എൻ 4 വാഹനമാണ് വാങ്ങുന്നത്. ഡിസംബർ 12 ന് വാഹനം വാങ്ങാൻ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രി പി രാജീവ് ബാലഗോപാലിന് ഫയൽ കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് പണം അനുവദിച്ചത്.

സ്റ്റേറ്റ് പോലിസ് ക്ലംപ്ലയന്റ്‌സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ പുതിയ ഔദ്യോഗിക വാഹനം വാങ്ങാൻ മുഖ്യമന്ത്രി ഇടപെട്ട് അനുമതി നൽകിയിരുന്നു. ധനമന്ത്രിയുടെ എതിർപ്പ് മറികടന്നായിരുന്നു പുതിയ ഇന്നോവ ക്രിസ്റ്റക്ക് അനുമതി നൽകിയത്. ഒരുലക്ഷം കിലോമീറ്റർ ഓടിയെന്നതായിരുന്നു പുതിയ കാർ വാങ്ങാനുള്ള കാരണമായി പറഞ്ഞിരുന്നത്.
ഇന്നോവ ക്രിസ്റ്റ 1.05 ലക്ഷം കിലോമീറ്റർ ഓടിയെന്നും പുതിയ ഇന്നോവ ക്രിസ്റ്റ വേണമെന്നും സ്റ്റേറ്റ് പോലിസ് ക്ലംപ്ലയന്റ്‌സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ. താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മീഷൻ ചെയർമാൻ കൂടിയായ തനിക്ക് പുതിയ വാഹനം അനുവദിക്കണമെന്ന ജസ്റ്റിസ് വി.കെ. മോഹനന്റെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു.
ആദ്യം എതിർത്ത ബാലഗോപാൽ ഇത്തവണ സമ്മതം മൂളി. 1 ലക്ഷം കിലോ മീറ്റർ മാത്രം ഓടിയ വാഹനം മാറ്റാൻ ബാലഗോപാൽ സമ്മതം മൂളിയതിന്റെ ഞെട്ടലിലാണ് ധനവകുപ്പ് ഉദ്യോഗസ്ഥർ. പുതിയ വാഹനം വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മന്ത്രിസഭ അനുമതിയോടെ ആയിരുന്നു.
അതുകൊണ്ട് പുതിയ വാഹനം വാങ്ങണമെങ്കിൽ മന്ത്രിസഭ അനുമതി വേണം. ഇതിനാൽ തന്നെ മുഖ്യമന്ത്രി പുതിയ വാഹനം വാങ്ങാനുള്ള ഫയൽ കാബിനറ്റിൽ വയ്ക്കാൻ ഉത്തരവിട്ടു. ഡിസംബർ 11 ലെ മന്ത്രിസഭ യോഗത്തിൽ ഇനം നമ്പർ 2553 ആയി പുതിയ വാഹനം വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ എത്തി.
ജസ്റ്റിസ് വി.കെ. മോഹനന് വേണ്ടി ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) വാങ്ങാൻ 30,37,736 രൂപ മന്ത്രിസഭ അനുവദിച്ചു. നയതന്ത്ര സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ നിയോഗിച്ചത് ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷനെ ആയിരുന്നു.
അന്വേഷണം ഇതുവരെ പൂർത്തിയായില്ല. ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനായ താനൂർ ബോട്ടപകട അന്വേഷണവും ഇതുവരെ പൂർത്തിയായില്ല. പുതിയ വാഹനം കിട്ടിയതോടെ ജസ്റ്റിസ് വി.കെ. മോഹനൻ അന്വേഷണം പൂർത്തിയാക്കും എന്ന് പ്രതീക്ഷയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ്.