News

ഡയസ്‌നോൺ: സിപിഎം അന്ന് നാലുപേരെ ചുട്ടുകൊന്നു; ഇന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു!

അന്ന് ഡയസ്‌നോണിനെതിരെ പ്രതിഷേധമെന്ന പേരില്‍ ബസ് കത്തിച്ച് നാലുപേരെ കൊലപ്പെടുത്തി. ഇന്ന് ഡയസ്‌നോൺ ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. സിപിഎമ്മിന്റെ കാലംതോറുമുള്ള ഇരട്ടത്താപ്പിന് ഇന്നും നാളെയുമായി കേരളം ഒരിക്കല്‍കൂടി സാക്ഷ്യം വഹിക്കുകയാണ്. 1970 ജനുവരി 21 ബുധനാഴ്ച്ചയാണ് ഡയസ്‌നോൺ ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ സമരം നടത്തി സിപിഎം പാർട്ടിയില്‍പെട്ടവർ ബസ് കത്തിച്ച് നാലുപേരെ ചുട്ടുകൊന്നത്. അതേ ഡയസ്‌നോൺ ഉപയോഗിച്ച് നാളെ ജീവനക്കാരുടെ പ്രതിഷേധത്തെ നേരിടാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ജീവനക്കാർക്കെതിരെയുള്ള നീതിനിഷേധത്തിൽ പ്രതിഷേധിച്ചാണ് ഭരണകക്ഷിയായ സിപിഐയുടെ സർവീസ് സംഘടനകളും പ്രതിപക്ഷ സർവീസ് സംഘടനകളും ജനുവരി 22 ന് പണിമുടക്ക് പ്രതിഷേധിക്കുന്നത്. ഇതിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുദിവസത്തെ ശമ്പളം വെട്ടുമെന്നാണ് ഉത്തരവിൽ പറയുന്നത്. 55 വർഷം മുമ്പ് സി അച്യുതമേനോൻ സർക്കാർ ഡയസ്നോൺ ഏർപ്പെടുത്തിയ നടപടിക്കെതിരെ സമരം നടത്തിയ സിപിഎം സംഘടനയിൽപ്പെട്ടവർ 4 ബസ് യാത്രക്കാരെ ചുട്ടെരിച്ചതിന്റെ വാർഷിക ദിനമാണ് ഇന്ന്.

നാലുപേരെ ചുട്ടുകൊന്ന സിപിഎം ആക്ഷൻ പ്ലാൻ

കേരളം കണ്ടിട്ടുള്ള പൈശാചികമായ സമരങ്ങളിൽ പ്രധാനപ്പെട്ടതാണ് മട്ടന്നൂരിലെ ചാവശ്ശേരിയിൽ സിപിഎം ഡയസ്‌നോണിനെതിരെ നടത്തിയത്. 1967ലെ ഇഎംഎസ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയിൽ അനധികൃതമായി നിയമനം നേടിയ 800 പേരെ സി. അച്യുതമേനോൻ സർക്കാർ പിരിച്ചു വിട്ടു. ഇതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരവും അക്രമങ്ങളും നടന്നു. വലതു കമ്യൂണിസ്റ്റെന്ന് സിപിഎം ആക്ഷേപിക്കുന്ന അച്യുതമേനോനോടുള്ള പകയായിരുന്നു സമരകാരണം.

സമരത്തിന്റെ മറവിൽ മട്ടന്നൂർ ഇരിട്ടി റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ആക്രമിക്കാനും തീയിടാനും സിപിഎം പദ്ധതിയിട്ടു. 19-ാം മൈലിനും കള റോഡിനും ഇടയിലുള്ള വിജനമായ ഇടമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. വൈകുന്നേരം ഏഴര മണിയോടെ ബസിനെ ആക്രമിക്കാൻ ആക്ഷൻ പ്‌ളാൻ ഉണ്ടാക്കി. ബസ് തടഞ്ഞ് ഡോർ തുറന്ന് പെട്രോൾ ഒഴിച്ചു തീക്കൊളുത്തി. ഒറ്റ ഡോർ മാത്രമാണ് അക്കാലത്ത് ബസുകൾക്ക് ഉണ്ടായിരുന്നത്. മുന്നറിയിപ്പുകളില്ലാത്ത ആക്രമണത്തിൽ യാത്രക്കാർ പകച്ചുപോയി. എന്താണെന്നു മനസ്സിലാക്കും മുമ്പേ ബസിനെ അപ്പാടെ തീവിഴുങ്ങി. യാത്രക്കാർ രക്ഷപ്പെടുന്നതിന് മുമ്പേ വാതിലും അടച്ചു. ചിലർ ജനലുകളിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ ഡോറിനടുത്തുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഒരാൾ സംഭവ സ്ഥലത്തും മറ്റ് മൂന്ന് പേർ ആശുപത്രിയിൽ മരിച്ചു.

News story about Chavassery Bus Fire and murder

പങ്കില്ലെന്ന നുണക്യാപ്‌സൂളും സിപിഎമ്മിന്റെ കേസ് നടത്തിപ്പും

സിപിഎമ്മിന്റെ സ്വാഭാവിക രീതിയായ നുണ ക്യാപ്‌സൂൾ ഈ കൊലപാതകങ്ങളിലും പുറത്തിറങ്ങി. അവരുടെ പങ്ക് പരസ്യമായി നിഷേധിച്ചു. യാത്രക്കാരെ ചുട്ടുകൊന്ന സിപിഎമ്മിനെതിരെ ജനരോഷം ഉയർന്നപ്പോൾ പതിവുപോലെ പാർട്ടി സമരത്തെ തള്ളിപ്പറയുകയും ചില തൊഴിലാളികളെ പുറത്താക്കുകയും ചെയ്തു. പിന്നീട്ട് നാട്ടിലുടനീളം ഈ കൊലയാളികളുടെ കേസ് നടത്താൻ ബക്കറ്റ് പിരിവ് നടത്തി സുപ്രീംകോടതി വരെ കേസ് നടത്തിയെന്ന് അക്കാലത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എംവി രാഘവൻ തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

നിയമസഭയിൽ സിപിഎം നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയർന്നു. അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് 1970 ജനുവരി 23 ന് ആഭ്യന്തര മന്ത്രി സി എച്ച് മുഹമ്മദ് കോയ സഭയിൽ പറഞ്ഞതിങ്ങനെയാണ്

‘അമ്പതോളം യാത്രക്കാർ ആ ബസ്സിലുണ്ടായിരുന്നു. അതിനെ തുടർന്ന് ആ ബസ്സ് ആകമാനം കത്തി നശിച്ചുപോയി. യാത്രക്കാരെല്ലാം എരിയുന്ന ബസിൽനിന്ന് അതിവേഗം പുറത്തുചാടാൻ ശ്രമിച്ചു. ഒരാൾ ഒഴിച്ച് മറു യാത്രക്കാരെല്ലാ പുറത്തുചാടി. ഒരു യാത്രക്കാരൻ കുടുങ്ങി കരിഞ്ഞു നശിച്ചുപോയി. 18 പേർക്ക് കഠിനമായ പരിക്കുകളുണ്ടായി. അവരിൽ 14 പേരെ കണ്ണൂർ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലും, രണ്ടുപേരെ മട്ടന്നൂർ ആശുപത്രിയിലും, രണ്ടുപേരെ കൂത്തുപറമ്പ് ആശുപത്രിയിലും കൊണ്ടുപോയി. പൊള്ളലേറ്റവരിൽ രണ്ടുപേർ പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. പരിക്കുപറ്റിയ ഒരാളുടെ സ്ഥിതി വളരെ ഗുരുതരമാണ്. ഈ വിവരം അറിഞ്ഞയുടനെ പോലീസ് സംഭവസ്ഥലത്തേക്ക് കുതിക്കുകയും ആ സ്ഥലം കാക്കുവാനും അന്വേഷണത്തിനുമുള്ള നടപടികൾ എടുക്കുകയും ചെയ്തു. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇതിന് ഉത്തരവാദികളായ അക്രമികളെ പിടിക്കാനുള്ള എല്ലാ പരിശ്രമങ്ങളും പോലീസ് ചെയ്തുകൊണ്ടി രിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ പോലീസ് പാർട്ടി സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്’.

ഈ സംഭവത്തെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോൻ മാധ്യമപ്രവർത്തകനായ തെക്കുംഭാഗം മോഹന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്

‘1970 ജനുവരി 21- സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ട്രാൻസ്പോർട്ട് തൊഴിലാളികളിൽ ചിലർ പണിമുടക്കിനെ അക്രമാസക്തമാക്കിയപ്പോൾ അവരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ പിരിച്ചുവിട്ട വരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിഐടിയു തൊഴിലാളികൾ പ്രക്ഷോഭത്തിലേർപ്പെട്ടിരുന്ന കാലം. ജനുവരി 21 തീയതി കണ്ണൂർ ട്രാൻസ്പോർട് സ്റ്റാൻഡിൽ നിന്നും 50ൽ പരം യാത്രക്കാരുമായി തിരിച്ച ഒരു ബസ് മട്ടന്നൂർ കവലയിലെത്തിയപ്പോൾ ഒരു സംഘം അക്രമികൾ ബസ് തടയുകയും തീ വെയ്ക്കാൻ പെട്രോളൊഴിക്കുകയും ചെയ്തു. യാത്രക്കാരെ ഇറക്കി വിടാനുള്ള സൻമനസു പോലും ഇഎംഎസിന്റേയും എകെജിയുടേയും അണികൾ പ്രകടിപ്പിച്ചില്ല. സംഭവിക്കുന്നതു കണ്ടു ഭയാക്രാന്തരായ യാത്രക്കാർ ഒരുവിധം പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നു കഴിഞ്ഞു. മനുഷ്യത്വം മരവിച്ചവർ പോലും അതുകണ്ടും അറിഞ്ഞും അയ്യോ എന്ന് സ്വയം വിലപിച്ചു പോയി. ഭരണകൂടത്തെ നേരിടാൻ ഒരു രാഷ്ട്രീയ പാർടിയും കേരളത്തിൽ അതിനു മുമ്പും പിമ്പും ഇത്ര നീചവും നിന്ദ്യവുമായ കിരാതപർവം ആടിയിട്ടില്ല. ഇതാണോ മഹാനായ മാർക്സ് വിഭാവനം ചെയ്തത്.? നിരീക്ഷകരാകെ ചോദിച്ചു. അവരൊക്കെ അന്ന് മാർക്സിനെ ശപിച്ചു. ഇങ്ങനെയൊരു പ്രത്യയശാസ്ത്രം ഉണ്ടാക്കിയതിന്. ഇങ്ങനെയൊരു പാർട്ടിയുണ്ടാക്കാൻ പ്രേരകമായതിന്’

പച്ച മാംസം കത്തിയെരിഞ്ഞ ഗന്ധം കേരളമാകെ പടർന്നുവെന്നാണ് മോഹൻ ‘ജനാധിപത്യ കേരളത്തിൽ അച്ചുതമേനോൻ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജീവിതാവസാനം വരെ അച്ചുതമേനോനെ വേട്ടയാടിയ സംഭവമാണിത്. താനാദ്യമായി മുഖ്യമന്ത്രി പദം രാജിവെക്കാൻ ആലോചിച്ചത് ഈ സംഭവം നടന്ന കാലത്തായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x