തിരുവനന്തപുരം: ജനുവരി 22ന് വിവിധ സർവീസ് സംഘടനകളും, അധ്യാപക സർവീസ് സംഘടനാ സമരസമിതിയും പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന പണിമുടക്കത്തിൽ കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും അടച്ചുകൊണ്ട് ജീവനക്കാർ പണിമുടക്കുമെന്ന് കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.
പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന സർക്കാർ തീരുമാനം നടപ്പിലാക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, 12-ാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പണമായി നൽകുക, ആരോഗ്യ ഇൻഷുറൻസ് സർ ക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുക, 11-ാം ശമ്പളപരിഷ്‌കരണ കുടിശിക യും, ക്ഷാമബത്ത കുടിശികയും അനുവദിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐയുടെ ജോയിന്റ് കൗൺസിലും പ്രതിപക്ഷ സർവീസ് സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളത്തിലെ റവന്യു വകുപ്പിലെ ജീവനക്കാരും ദീർഘനാളായി ഇത്തരം ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിവരികയാണെന്ന് റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു. സിവിൽ സർവീസിന്റെ നിലനില്പിന് വേണ്ടിയുള്ള 22 ലെ സൂചനാ പണിമുടക്കം റവന്യു വകുപ്പിൽ സമ്പൂർണമാക്കുമെന്ന് കേരള റവന്യു ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി ശ്രീകുമാർ, ജനറൽ സെക്രട്ടറി എം എം നജീം എന്നിവർ പറഞ്ഞു.