
‘ഗുളികയിൽ മൊട്ടുസൂചി’: പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പ്; ഡിജിപിക്ക് പരാതി
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച്ച ശ്വാസംമുട്ടിന് ചികിത്സ തേടിയെത്തിയ മേമല ഉരുളുകുന്നു സ്വദേശി വസന്തക്ക് ആശുപത്രി ഫാർമസിയിൽ നിന്ന് നൽകിയ ക്യാപ്‌സൂളിനുള്ളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.
ഒരു സ്ട്രിപ്പിലുള്ള രണ്ട് ക്യാപ്‌സൂളുകൾ വസന്ത കഴിച്ചു. പിറ്റേന്ന് രാവിലെ ഒരു ക്യാപ്‌സൂൾ പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മൊട്ടുസൂചി കണ്ടു. തുടർന്ന്, രണ്ട് ക്യാപ്‌സൂളുകൾ കൂടി പൊട്ടിച്ചുനോക്കിയപ്പോൾ അതിനുള്ളിലും മൊട്ടുസൂചി കണ്ടെത്തുകയായിരുന്നു. വസന്തയെ പിന്നീട് വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. എക്‌സ്‌റേ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.
വിതുര താലൂക്ക് ആശുപത്രി സൂപ്രണ്ടിനും വിതുര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം നടത്തിയത്. മൊട്ടുസൂചി പരിശോധന നടത്തിയതിൽ ഗുളികക്ക് അകത്ത് ഇരുന്ന ലക്ഷണമില്ലെന്നാണ് പ്രാഥമിക നിഗമനം. സൂചിയുടെ അറ്റംമാത്രം തുരുമ്പ് എടുത്ത നിലയിലാണ്. പരാതിക്കാരിയുടെയും കൂടെയുള്ളവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പരാതി വ്യാജമാണെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ് എത്തിയിരിക്കുന്നത്.
വിതുരയിൽ വിതരണം ചെയ്ത ഗുളികയുടെ ബാച്ചിലെ മറ്റ് ലക്ഷക്കണക്കിന് ക്യാപ്‌സൂളുകൾക്കൊന്നും തന്നെ ഇത്തരത്തിലൊരു പരാതി ഉയർന്നിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മേധാവി പറയുന്നു.
ആരോഗ്യവകുപ്പ് അന്വേഷണത്തിന് ശേഷം കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു പരാതി ഉയരാനുള്ള സാഹചര്യം എന്താണെന്നും ഇതിന് പിന്നിലുള്ളവർ ആരാണെന്നും കണ്ടെത്തണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.