ജീവനക്കാർ പണിമുടക്കിന് സജ്ജം! INTUC യുടെ പിന്തുണ; പ്രചാരണ ജാഥകൾ പൂർത്തിയായി

Kerala Government staff strike january 22

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ – ഭരണപക്ഷ സർവീസ് സംഘടനകൾ ജനുവരി 22ന് പ്രഖ്യാപിച്ച പണിമുടക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘടനകൾ. സിപിഐയുടെ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന സമര സന്ദേശ വാഹന പ്രചാര ജാഥകൾ പൂർത്തിയായി. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും കൂട്ടധർണ്ണയും ഇന്നലെ നടന്നിരുന്നു.

ഐ.എൻ.ടി.യു.സി പിന്തുണ

ഐ.എൻ.ടി.യു.സി സംസ്ഥാന ഘടകം ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സർക്കാർ ശമ്പള സ്‌കെയിലും ക്ഷാമബത്തയും ലഭിക്കുന്ന പൊതുമേഖലാ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കണമെന്നും മറ്റുള്ളവർ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്നും പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ജില്ലാ പ്രസിഡന്റുമാർക്കും യൂണിയനുകൾക്കും കത്ത് അയച്ചു.

പണിമുടക്ക് ഒത്തുതീർപ്പാക്കണം: അഖിലേന്ത്യാ ഫെഡറേഷൻ

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഒത്തുതീർപ്പാക്കണമെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ (എ.ഐ.എസ്.ജി.ഇ.സി.) ആവശ്യപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി ഒഴിഞ്ഞുകിടക്കുന്ന 38 ലക്ഷം തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 11-ന് പാർലമെന്റ് മാർച്ച് നടത്തുമെന്ന് സംഘടന അറിയിച്ചു. കൊൽക്കത്തയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി സി.ആർ.ജോസ് പ്രകാശ്, എം.ജോയി കുമാർ സിങ് തുടങ്ങിയവർ പങ്കെടുത്തു.

സമര സന്ദേശ പ്രചരണ ജാഥകൾ സമാപിച്ചു

പണിമുടക്കത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരസന്ദേശ വാഹന പ്രചരണ ജാഥകൾ സമാപിച്ചു. സൗത്ത്, നോർത്ത് ജില്ലാ കമ്മിറ്റികളുടെ കീഴിൽ സിറ്റി, റൂറൽ എന്നിവിടങ്ങളിലായി 20 മേഖല കൾ കേന്ദ്രീകരിച്ച് ബുധനാഴ്ച ആരംഭിച്ച നാല് സമര സന്ദേശ ജാഥകളാണ് ഇന്നലെ വൈകുന്നേരം പര്യടനം പൂർത്തിയാക്കിയത്.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 01/07/2024 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, പൊതു- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക, സെക്രട്ടേറിയറ്റ് ദ്രോഹ ഭരണ പരിഷ്‌ക്കാര ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments