കോഴിക്കോട്: മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. താമരശേരി അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. ഏകമകൻ 25 വയസ്സുള്ള ആഷിഖാണ് ക്രൂരകൃത്യം ചെയ്തത്. ലഹരിക്ക് അടിമയായിരുന്ന ആഷിഖ് ബംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ശരീരം തളർന്ന് കിടപ്പായിരുന്നു. ഇന്ന് സുബൈദയെ കാണാനെത്തിയ മകൻ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം സുബൈദയെ മകൻ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊലപാതകം നടത്തിയത്. ആഷിഖ് അയലത്തെ വീട്ടില്‍ നിന്ന് വെട്ടുകത്തി വാങ്ങുകയായിരുന്നു. തേങ്ങ പൊളിക്കാൻ എന്നുപറഞ്ഞാണ് വെട്ടുകത്തി വാങ്ങിയത്. ക്രൂരകൃത്യത്തിന് ശേഷം സമീപത്തെ പൈപ്പില്‍ നിന്ന് വെട്ടുകത്തി കഴുകി വൃത്തിയാക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. സുബൈദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.