ഷാരോൺ രാജ് വധക്കേസിൽ കാമുകിയായിരുന്ന 23വയസ്സുകാരിയായ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി അമ്മാവൻ നിർമലകുമാർ കുറ്റക്കാരൻ. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. ഗ്രീഷ്മയുടെയും അമ്മാവൻ്റെയും ശിക്ഷ നാളെ വിധിക്കും. സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീറാണ് വിധി പറഞ്ഞത്.
2022 ഒക്ടോബർ 14ന് കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയെയാണ് ഇപ്പോൾ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്.
പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതാണു കൊലപാതകത്തിനു കാരണമെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്കു സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.