
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ വ്യാഴാഴ്ച പുലർച്ചെ വീട്ടിൽവച്ച് അക്രമിക്കപ്പെട്ടു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചുകയറിയ മോഷ്ടാവാണ് നടനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രി അധികൃതരുടെ അറിയിപ്പ് പ്രകാരം, സെയ്ഫിന് ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകൾ ഉണ്ട്. ഇതിൽ രണ്ടെണ്ണം നട്ടെല്ലിന് അടുത്തുള്ള ഗുരുതരമായ പരിക്കുകളാണ്. സെയ്ഫ് അലി ഖാന്റെ ആരോഗ്യനില നിരീക്ഷണത്തിലാണ്. രാവിലെ ഒമ്പത് മണിയോടെയും ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോ സർജൻ ഡോ. നിതിൻ ദാങ്ങെയാണ് ശസ്ത്രക്രിയ നടത്തുന്നത്.
സി.ടി സ്കാൻ റിപ്പോർട്ട് പ്രകാരം നട്ടെല്ലിന് സമീപം ഗുരുതരമായ മുറിവുണ്ട്. ഈ ഭാഗത്ത് ആയുധമുപയോഗിച്ച് കുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടത് കൈത്തണ്ടയിലും ഗുരുതരമായ പരിക്കുണ്ട്. പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നേക്കാം.
പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം നടക്കുന്നത്. സെയ്ഫ് ഉറങ്ങി കിടക്കുന്ന സമയമാണ് അക്രമി വീടിനുള്ളില്‍ കടന്നതെന്നും ആദ്യം വീട്ടിലെ സഹായിയുമായി തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായി എന്നും മുംബൈ പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതിനിടയില്‍ സംഭവം തടയാൻ ചെന്ന സെയ്ഫിനെ മോഷ്ടാവ് അക്രമാസക്തനായി സെയ്ഫിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടന്‍ തന്നെ സഹായികളും സംഭവമറിഞ്ഞെത്തിയ മൂത്ത മകന്‍ ഇബ്രാഹിമും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിചാരകരില്‍ ഒരാള്‍ക്കും കുത്തേറ്റിട്ടുണ്ട്.
സെയ്ഫിന്റെ വീട്ടിലുണ്ടായിരുന്ന മൂന്ന് പരിചാരകരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന് പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണശ്രമം തന്നെയാണോ എന്ന് ആദ്യഘട്ടത്തില്‍ സംശയമുയര്‍ന്നെങ്കിലും മോഷണശ്രമമാണ് നടന്നത് എന്ന് സെയ്ഫ് അലി ഖാന്റെ ടീം വ്യക്തമാക്കി.
പൊലീസ് അറിയിച്ചതനുസരിച്ച്, സംഭവം നടക്കുമ്പോൾ സെയ്ഫും കുടുംബവും ഉറങ്ങുകയായിരുന്നു. ബഹളം കേട്ട് ഉണർന്ന കുടുംബാംഗങ്ങൾ മോഷ്ടാവിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.