എറണാകുളം ചേന്ദമംഗലത്ത് മൂന്നുപേരെ ക്രൂരമായി ഇരുമ്പുവടി കൊണ്ട് അടിച്ചുകൊല്ലുകയും ഒരാളെ ഗുരുതരമായി ആക്രമിക്കുകയും ചെയ്ത പ്രതി റിതു അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി തദ്ദേശവാസികള്‍. പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക രോഗിയാണെന്നും ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റും കാണിച്ച് രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നതെന്നും അയല്‍ക്കാര്‍ പറഞ്ഞു. സ്കൂള്‍കാലം മുതല്‍ ഇയാള്‍ ലഹരിക്ക് അടിമയായിരുന്നെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്.
റിതു വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് അടിച്ചുകൊലപ്പെടുത്തിയത്. റിതുവിന്റെ ആക്രമണത്തിനിരയായ ഒരാള്‍ ഗുരുതരാവസ്ഥയിലുമാണ്. റിതുവിന്റെ പേരില്‍ തൃശ്ശൂരിലും എറണാകുളത്തുമായി മൂന്ന് കേസുകളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പ്രതി ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. രണ്ടുതവണ റിമാന്‍ഡിലായായിട്ടുണ്ട്.
റൗഡി ലിസ്റ്റിലുമുണ്ടെന്നും എറണാകുളം റൂറല്‍ പോലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു. പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായും പോലീസിനെ സമീപിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞെങ്കിലും ആരും ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ലെന്നാണ് എറണാകുളം റൂറല്‍ പോലീസ് മേധാവി വിശദീകരിച്ചത്.
നാല് പേരെയും ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും ദേഹത്തും പല വട്ടം അടിച്ചു. ഋതു കെെയ്യിൽ കത്തി കരുതിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പോയത് ജിതിന്റെ ബൈക്കുമായിട്ടായിരുന്നു. ഇതിനിടെയാണ് വടക്കേക്കര എസ്ഐ പ്രതിയെ പിടികൂടുന്നത്. പിന്നീട് ആക്രമണ വിവരം ഇയാൾ എസ്ഐയോട് വിശദീകരിക്കുകയുമായിരുന്നു.
വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ജിതിന്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്. ഇവരെ കൂടാതെ രണ്ടുകുട്ടികളും ആക്രമണ സമയം വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. കുട്ടികള്‍ക്ക് പരിക്കില്ല.
ഇയാൾ ലഹരി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് അയൽവാസികൾ നേരെത്തെ തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ നിന്നുമുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നാലുപേരെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂട്ടക്കൊലപാതകത്തിന് ശേഷം റിതു ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. വടക്കേക്കര സ്‌റ്റേഷനിലെ എസ്.ഐ. സംശയം തോന്നിയാണ് പ്രതിയെ പിടികൂടിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.