കെ എഫ് സി അനിൽ അംബാനിയുടെ കമ്പനിയിൽ 60.80 കോടി നിക്ഷേപിച്ച രേഖകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എങ്ങനെ കിട്ടി എന്ന് അന്വേഷണം.
കെ.എഫ്. സി മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. വിജിലൻസ് ഓഫിസർ വി.എസ്. ഷാജുവിനാണ് അന്വേഷണ ചുമതല. ചട്ടങ്ങൾ ലംഘിച്ച് അനിൽ അംബാനിയുടെ കമ്പനിയിൽ 60.80 കോടി നിക്ഷേപിച്ച് 100 കോടി നഷ്ടപ്പെട്ട വിവരം രേഖകൾ സഹിതം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പുറത്ത് കൊണ്ട് വന്നത്. ഇതോടെ പ്രതിരോധത്തിൽ ആയ സർക്കാർ തട്ടിയും മുട്ടിയും മറുപടി പറയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മുഖ്യമന്ത്രി പതിവ് പോലെ മൗനം പാലിച്ചു. ബിസിനസ് ആകുമ്പോൾ ലാഭവും നഷ്ടവും ഉണ്ടാകുമെന്ന വിചിത്ര മറുപടി കെ.എൻ. ബാലഗോപാലിനെ വക ഉണ്ടായി. ചട്ടങ്ങൾ പാലിച്ചാണ് നിക്ഷേപിച്ചതെന്നായി അന്നത്തെ ധനമന്ത്രി ഐസക്ക് വക ന്യായികരണം.
സകല രേഖകളും പ്രതിപക്ഷ നേതാവ് തുടരെ തുടരെ പുറത്ത് വിട്ടതോടെ ഒരു ചട്ടവും ഇല്ലാതെ ആയിരുന്നു നിക്ഷേപം നടത്തിയതെന്ന് വ്യക്തമായി. 2018 ഏപ്രിൽ 19 ന് ചേർന്ന കെ എഫ്സിയുടെ അസറ്റ് ലയബിലിറ്റി മാനേജ്മെൻ്റ് കമ്മിറ്റി യോഗമാണ് അംബാനി കമ്പനിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്.
ഈ സുപ്രധാന രേഖ പ്രതിപക്ഷ നേതാവിന് കിട്ടണമെങ്കിൽ കോർപ്പറേഷനിലെ സിപിഎമ്മിൻ്റെ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് പങ്കുണ്ടാകുമെന്നായിരുന്നു ആരോപണം. ഡി.കെ. മുരളി എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ബ്രാഞ്ച് കമ്മിറ്റി കൂടിയത്. ഇടപാടിൽ ഒത്തുകളി നടന്നത് പാർട്ടി അന്വേഷിക്കണമെന്ന് മറുവിഭാഗം ആരോപിച്ചു. ഇതോടെ ചർച്ച അവസാനിപ്പിക്കാൻ മുരളി നിർദ്ദേശം നൽകി. തട്ടിപ്പ് അന്വേഷിക്കണ്ട എന്ന തീരുമാനത്തിൽ എത്തി മുരളി മടങ്ങി.
ഇതോടെ ബ്രാഞ്ച് കമ്മിറ്റിയിൽ അന്വേഷണം ആവശ്യപ്പെട്ടവർ ശ്രീറാമിനെ കണ്ടു. തുടർന്ന് ചോർച്ച അന്വേഷിക്കാൻ ശ്രീറാം ഉത്തരവിട്ടു. 100 കോടി നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം ഇല്ല. വാർത്ത ചോർന്നതിനെ കുറിച്ചായി അന്വേഷണം.