
പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രന് വിട നൽകി കേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാരച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വൻജനാവലിയുണ്ടായിരുന്നു. മകൻ ദിനനാഥൻ അന്ത്യകർമങ്ങൾ ചെയ്ത് ചിതയ്ക്കു തീ കൊളുത്തുമ്പോൾ ഇതിഹാസ സമാനമായ ഒരു സംഗീതകാലത്തിന് അവസാനമായി.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിലുമായിരുന്നു പൊതുദർശനം. അവിടെ നിന്നാണ് മന്ത്രി ബിന്ദു ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ മൃതദേഹം രാവിലെ 10.45 ഓടെ പാലിയം തറവാട്ടിലേക്ക് എത്തിച്ചത്. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടായിരുന്നു.
തറവാട്ടിൽ തന്നെ അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അഞ്ചു വയസുവരെ മാത്രമേ ജയചന്ദ്രൻ തറവാട് വീട്ടിൽ കഴിഞ്ഞിട്ടുള്ളു എങ്കിലും ഉത്സവം ഉൾപ്പെടെയുള്ള എല്ലാ വിശേഷങ്ങൾക്കും അദ്ദേഹം ഇവിടെ എത്തുമായിരുന്നു.
ചേന്ദമംഗലം പാലിയത്ത് അമ്മ സുഭദ്രകുഞ്ഞമ്മ താമസിച്ചിരുന്ന നാലുകെട്ടിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയിരുന്നത്. പാലിയത്തെ സ്ത്രീകൾ താമസിച്ചിരുന്ന നാലുകെട്ട് നിലവിൽ പാലിയം ട്രസ്റ്റിൻറെ ഓഫീസായി പ്രവർത്തിച്ചു വരികയാണ്.
മൃതദേഹം പാലിയത്ത് എത്തിച്ച ശേഷം കുടുംബാംഗങ്ങളുടെ പ്രത്യേക ചടങ്ങുകൾ നടന്നു. 11 ഓടെ പൊതുദർശനത്തിന് സൗകര്യമൊരുക്കി. അപ്പോൾ തന്നെ വലിയൊരു ജനകൂട്ടം ഇഷ്ട ഗായകനെ അവസാനമായി ഒരു നോക്കു കാണാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, പ്രഫ. കെ വി തോമസ് സംഗീത സംവിധായകൻ ബിജിബാൽ അടക്കം നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.