തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും ഫോൺവിവരങ്ങൾ ചോർത്താൻ അനുമതി തേടി വിജിലൻസ് മേധാവിയുടെ കത്ത്. അഴിമതി തടയാനും കൈക്കൂലിക്കാരെ കുടുക്കാനും ഫോൺ ചോർത്തണമെന്നാണ് വിജിലൻസ് മേധാവിയുടെ വാദം.
നിലവിൽ രാജ്യസുരക്ഷാ വിഷയങ്ങളിലും ചില രഹസ്യാന്വേഷണ ആവശ്യങ്ങൾക്കുമായി ഫോൺ ചോർത്തുന്നുണ്ടെന്നും സമാനമായ രീതിയിൽ ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും വിവരങ്ങൾ രഹസ്യമായി ചോർത്തിയെടുക്കണമെന്നുമാണ് ആവശ്യം. വിജിലൻസ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത ഇതുസംബന്ധിച്ച കത്തു നൽകി.
കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡിആർഐ എന്നിവയ്ക്ക് ഫോൺ ചോർത്താൻ അധികാരമുണ്ട്. കേരളത്തിന് പുറത്തുള്ള ചില സംസ്ഥാനങ്ങളിൽ പോലീസും ഫോൺ ചോർത്തി അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ഇപ്പോഴത്തെ നിയമപ്രകാരം ഡിജിറ്റൽ തെളിവുകൾ പ്രാഥമിക തെളിവുകളായി കോടതികൾ അംഗീകരിക്കുമെന്നതിനാൽ ചോർത്തിയെടുക്കുന്ന വിവരങ്ങൾ കോടതിയിൽ കേസുകൾ തെളിയിക്കാനും ഉപകരിക്കുമെന്നുമാണ് വിജിലൻസ് കണക്കുകൂട്ടൽ.
എല്ലാ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓഫീസേഴ്‌സ് ഓഫ് ഡൗട്ട്ഫുൾ ഇന്റഗ്രിറ്റി (ഒ.ഡി.ഐ) ലിസ്റ്റുണ്ടാക്കുമെന്നാണ് അറിയുന്നത്. ഇവരുടെ നീക്കങ്ങളും ബാങ്കിടപാടുകളും നിരീക്ഷിക്കും. ക്രമസമാധാനച്ചുമതലയുള്ള ഡി.ഐ.ജി മുതൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർക്കാണ് ഫോൺ ചോർത്താൻ അധികാരം. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ 7ദിവസത്തേക്കു ചോർത്താം. ചോർത്തിത്തുടങ്ങി 3 ദിവസത്തിനകം സർക്കാരിൽ അപേക്ഷിക്കണം.