
പാലക്കാട് പട്ടാമ്പി കീഴായൂരിൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് ജീവനക്കാർ എത്തിയതിന് പിന്നാലെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് ശരീരത്തിൽ മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജയയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.
ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം. പട്ടാമ്പി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. വീട്ടിനുള്ളിൽനിന്നും മണ്ണെണ്ണ ഒഴിച്ച് ജയ തീകൊളുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.
2015-ൽ ഷൊർണൂർ കോ-ഓപറേറ്റീവ് അർബൻ ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ വായ്പയായി എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. പിന്നീട് കുടിശ്ശികയടക്കം 2022 കാലഘട്ടത്തിൽ നലേമുക്കാൽ ലക്ഷം രൂപയായി. കോടതിയുടെ അനുമതിയോടുകൂടി ബാങ്ക് ജപ്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്കുകാരുടെ വിശദീകരണം.