
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ 60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കായികതാരമായ പെൺകുട്ടിയെ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉൾപ്പടെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു പെണ്‍കുട്ടിയെ ഇത്രയധികംപേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയതായുള്ള സംഭവം അപൂര്‍വമാണ്.
13 വയസുള്ളപ്പോള്‍, 2019 മുതല്‍ പീഡനം ആരംഭിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി CWC യിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ CWC പോലീസിന് നിര്‍ദേശം നല്‍കിയത്.
പീഡനകാലയളവില്‍ പെണ്‍കുട്ടിക്ക് ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിതാവിന്റെ ഫോണ്‍ രാത്രികാലങ്ങളില്‍ കുട്ടി ഉപയോഗിക്കാറുണ്ടായിരുന്നു. പീഡിപ്പിച്ചവരില്‍ ചിലര്‍, പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്കാണ് വിളിച്ചിരുന്നത്. ഇതില്‍ 32 പേരുടെ പേരുകള്‍ ഫോണില്‍ സേവ് ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്ന കാലത്ത് കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പൊതുവിടത്തുവെച്ചും സ്‌കൂളില്‍വെച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് വരികയാണ്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് CWC വഴി പൊലീസിന് ലഭിച്ചത്.