News

65 അധ്യാപകർ പോക്സോ കേസ് പ്രതികൾ: കണക്ക് വെളിപ്പെടുത്തി മന്ത്രി വി. ശിവൻകുട്ടി

വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിന് പോലീസിന്റെ ശക്തമായ പിന്തുണ ഉണ്ടാകണമെന്ന് തിരുവനന്തപുരത്ത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ ശിവൻകുട്ടി ആവശ്യപ്പെട്ടു.

നിയമനാധികാരി/മേലധികാരി എന്ന നിലയിൽ അച്ചടക്ക നടപടി എടുക്കാത്ത കേസുകളിൽ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും, തുടർന്നുവരുന്ന അച്ചടക്ക നടപടികളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടപടി
സ്വീകരിച്ചു വരുന്നു.

വകുപ്പിന് കീഴിൽ സെക്കണ്ടറി സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്.
ഈ കേസുകളിൽ വകുപ്പുതല അച്ചടക്ക
നടപടി പൂർത്തിയാക്കിയ പോക്‌സോ കേസുകളിൽ നിർബന്ധിത പെൻഷൻ നൽകിയ ഒരാൾ, സർവ്വീസിൽ നിന്നും പിരിച്ചുവിട്ട 9 പേർ, സർവ്വീസിൽ നീക്കം ചെയ്ത ഒരാൾ ഉൾപ്പെടെ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ബാക്കി കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചു വരുന്നു.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മൂന്ന് പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ
കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് 14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്ന് 7 അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശിവൻ കുട്ടി പറഞ്ഞു.