പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾ ജയിൽ മോചിതരായി. ഇവരുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി കഴിഞ്ഞ ദിവസം തടയുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. പുറത്തിറങ്ങിയ ഇവർക്കു കണ്ണൂർ സെൻട്രൽ ജയിലിനു പുറത്തു പാർട്ടി സ്വീകരണമൊരുക്കി. എം.വി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും സ്വീകരിക്കാൻ എത്തിയിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ ഗൂഢാലോചനയില്ലെന്നും സിപിഎം നേതാക്കളായതു കൊണ്ടാണു കേസിൽ കുടുക്കിയതെന്നും കെ.വി.കുഞ്ഞിരാമൻ മാധ്യമങ്ങളോടു പ്രതികരിച്ചു. 20-ാം പ്രതി കുഞ്ഞിരാമനു പുറമേ 14-ാം പ്രതി മണികണ്ഠൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരാണു ജയിൽ മോചിതരായത്. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള അപ്പീലിനൊപ്പം പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചാണു ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചുവെന്ന കുറ്റത്തിനു സിബിഐ കോടതി ഇവർക്ക് 5 വർഷം തടവുശിക്ഷയും 10,000 രൂപ പിഴയുമാണു വിധിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ കഴിഞ്ഞദിവസം ജയിലിലെത്തി എല്ലാ പ്രതികളെയും സന്ദർശിച്ചിരുന്നു.