സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാരുടെ വിവരങ്ങൾ ഹണി റോസ് പോലിസിന് കൈമാറും. വീഡിയോകൾക്ക് ഹണിറോസിൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ആണ് പൊലീസിന് കൈമാറുന്നത്.
അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.
ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.