കെഎഎസ്: പവനായി ശവമായി: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala Secretariat Action council about KAS

ഇടത് സർക്കാരിന്റെ പരാജയപ്പെട്ട പരീക്ഷണമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) എന്ന തെളിഞ്ഞിട്ടും സെക്രട്ടേറിയറ്റ് സർവീസിലെ കൂടുതൽ തസ്തികകൾ കെഎഎസിനെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. കടുത്ത വിമർശനം ഉന്നയിച്ച് കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ.

കെഎഎസ് പവനായി ശവമായി എന്ന തലക്കെട്ടില്‍ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നോട്ടീസ്. സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ ജീവനക്കാർ ഈ മാസം 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്കിന് പിന്തുണ അഭ്യർത്ഥിച്ചുള്ള നോട്ടീസിലാണ് കെ.എ.എസിനെതിരെ രൂക്ഷ വിമർശനം.

നോട്ടീസിൽ പറയുന്നത് ഇങ്ങനെ;

കെ.എ.എസ്: പവനായി ശവമായി.. ഇനി കെഎംഎസ്, കെപിഎസ്, കെഎൻഎസ്….

‘ഭരണരംഗത്ത് ചില പുത്തൻ കാഴ്ചപ്പാടുകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള പെരുമാറ്റം, പൗരാവകാശത്തെ പറ്റിയുള്ള അവബോധം, ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങൾ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം

ഉദ്‌ബോധനം ഉഗ്രൻ. കാഴ്ചപ്പാടുകൾ കിടിലം. സമഭാവന സീമാതീതം. അവകാശങ്ങളും ആനുകൂല്യങ്ങളും അടിയറവച്ച് കൂട്ടയോട്ടം, കുമ്മികളി, കൈകൊട്ടിക്കളി, ക്രിക്കറ്റ് കളി, കിണറേഷ്‌കുമാറുമാരുടെ ഗീർവാണ സദസ് എന്നിങ്ങനെ അനവധിയായ അടവുനയങ്ങൾ പ്രയോഗിച്ച് അവകാശബോധം ജീവനക്കാരുടെ സ്മൃതിമണ്ഡലത്തിൽ നിന്നും ആട്ടിപ്പായിക്കുന്നതിനുള്ള അക്ഷീണയത്‌നം അടിമസഖാക്കൾ കൊണ്ടു പിടിച്ച് നടത്തുമ്പോഴാണ് വെളിപാട് സമാനമായ ഈ ‘മോട്ടി’വേഷണൽ പ്രഭാഷണം.

അതൊന്നും മനസിലായിട്ടില്ലെങ്കിൽ കെ-സ്‌റ്റൈലിൽ അതൊന്ന് പറഞ്ഞു കൊടുക്ക് അമ്പനേ… ആറു ഗഡു ഡിഎയെന്ന ആവലാതിക്കാരനായ അണിയെ ചേർത്ത് പിടിച്ച് പ്രിമിയർ ലീഗിൽ പങ്കെടുത്താൽ കിട്ടുന്ന നേട്ടങ്ങളെ കുറിച്ച് ബോധനം നടത്തും. 19% ഡിഎയെ കുറിച്ച് ഓർത്ത് ഉറങ്ങാൻ കിടക്കുന്ന ഏര്യാസഖാവിന് സ്വപ്നത്തിൽ ആറ് സിക്സറടിച്ച് ആനന്ദിക്കാം!

ലീവ് സറണ്ടർ സംശയ നിവാരണത്തിനായി പ്രത്യേക ‘സർഗോ’ത്സവം. അരിയർ ആവശ്യപ്പെട്ടവർക്ക് കൈകൊട്ടിക്കളിച്ച് തഴമ്പു വരുത്താം. ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക മറന്ന് സൗജന്യ ജൈവ പച്ചക്കറി വിത്ത് കൈപ്പറ്റി അത് വിതച്ച് നിറവിളവെടുത്ത് അരിയർ മുതലാക്കാം. പൗരാവകാശത്തെ പറ്റിയുള്ള അവബോധം അന്യൂനം! പക്ഷെ പൗരൻമാരിൽ ജീവനക്കാർപെടുമോ ആവോ? അവകാശങ്ങളെ കുറിച്ച് അവബോധമുള്ള ഭരണം ഇവിടെ നിലനിൽക്കുന്നതിനാൽ അവയൊന്നും നിരോധിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, കുടിശ്ശികയായി നിലനിൽക്കുന്നുമുണ്ട്.

പിന്നെ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് അത് ഈകാലം കൊണ്ട് കുറെ കുട്ടിസഖാക്കൾക്ക് പൊരുത്തപ്പെട്ടു. ആപത്തിന് ഉപകരിയ്ക്കാത്ത മെഡിസെപ്പ് അടവാക്കൽ, നിരോധിയ്ക്കാതെ നിഷേധിക്കപ്പെടുന്ന ഡിഎ, ലീവ്‌സറണ്ടർ, എച്ച്ബിഎ, സിസിഎ, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക, ഐ എ എസ്‌കാർ, ജൂഡിഷ്യൽ ഓഫീസർമാർ, പി എസ് സി അംഗങ്ങൾക്കൊപ്പം സംസ്ഥാന ജീവനക്കാരോടുള്ള ‘സമഭാവനയോടെയുള്ള പെരുമാറ്റം ഒക്കെ കണ്ട് മൊത്തം പൊരുത്തപ്പെടാൻ അവർ പഠിച്ചിരിക്കുന്നു…. പക്ഷെ അടിമത്തം അലങ്കാരമല്ലാത്ത ജീവനക്കാർക്ക് അതിന് മറ്റൊരു ജന്മം തന്നെ വേണ്ടിവരും.

കെ എ എസിന്റെ പേരിൽ വീണ്ടും കിടക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു സെക്രട്ടേറിയറ്റ് സർവീസിന്. ഒന്നര വർഷത്തെ വിശ്വോത്തര പരിശീലനത്തിന് ശേഷം ആർജ്ജിച്ചത് അൽപത്തരമെന്ന് ദ്യോതിപ്പിക്കും വിധം, സുപ്രധാനമെന്ന് സ്വയംചമച്ച് അർധരാത്രി കുടപിടിക്കാനുള്ള ആവേശത്തിൽ സെക്രട്ടേറിയറ്റ് തസ്തികകൾ കവർന്നെടുക്കാനുള്ള ദുര ദൃശ്യമായിരിക്കുന്നു.

ഉഗ്രഭാഷണത്തെ പിൻപറ്റി സെക്രട്ടേറിയറ്റ് സർവീസിലെ കൂടുതൽ തസ്തികകൾ കെഎഎസ് കൊത്തിക്കൊണ്ടുപോകുന്നതിന് കാർമികത്വം തുടങ്ങി. ഈയിടെ ഒരു യോഗം ചേർന്നത്രെ! കെ എ എസ് വിപുലീകരിക്കണം, 31 തസ്തികകൾ ഉടൻ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യണം….

കെഎഎസുകാർക്ക് കേട്ടാൽ കൊള്ളാവുന്ന, പത്രാസുള്ള പളാപളാ മിന്നുന്ന തസ്തികകൾ വേണം. പലവട്ടം വകുപ്പ് സെക്രട്ടറിമാരോട് പറഞ്ഞു. ഡെപ്യൂട്ടേഷൻ തസ്തികകൾ ഉടൻ കണ്ടെത്തി റിപ്പോർട്ട് ചെയ്യണം. ആരും നൽകിയില്ല. കാരണം വകുപ്പ് തലവൻമാർ തസ്തികകൾ അറിയിച്ചില്ല… അതില്ലാഞ്ഞിട്ടല്ല. അവർ അവരുടെ രക്ഷിതാവെന്ന രീതിയിൽ പ്രവർത്തിക്കുന്നു. സെക്രട്ടേറിയറ്റിന് ഇന്ന് അങ്ങനൊരു രക്ഷിതാവില്ല. യോഗത്തിൽ അടിയന്തരമായി തസ്തികകൾ അറിയിക്കാൻ കർശന നിർദ്ദേശം നൽകിയത്രെ! ചാവടിയന്തരത്തിന് പോലും ഇത്രയും തിടുക്കമുണ്ടാകാറില്ല! പുറത്തിറങ്ങിയ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉടൻ കണ്ടെത്തി, അണ്ടർ സെക്രട്ടറി തസ്തികകൾ. വാട്സാപ്പ് വഴി അവ ജിഎഡിയിലെത്തി! കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എൽ ഡി എഫ് സർക്കാരിന്റെ പരാജയപ്പെട്ട പരീക്ഷണമാണ്. ഐഎഎസിനേക്കാൾ ഉയർന്ന ശമ്പളം ഉറപ്പു വരുത്തിയിട്ടും സേവനത്തിന് ഗുണപ്രദമായ എന്ത് സംഭാവന ലഭിച്ചു? കേട്ടാൽ കൊള്ളാവുന്നതും ആകർഷകവുമായ തസ്തികകളിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്നതാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ ‘ഇംഗിതം’.

എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് ഗ്ലാമർ പോരത്രേ! തസ്തികകളുടെ വലിപ്പത്തിന്റെയും ഗ്ലാമറിന്റെയും പുറകെ പോകാനല്ല, കോടികൾ ചെലവിട്ട് പരിശീലനം നൽകി നിയമിച്ച സർവീസിന്റെ ദൗത്വം എന്ന് ആരാണിവരെ പറഞ്ഞു മനസിലാക്കുക? സ്വന്തം ഇഷ്ടപ്രകാരം കെ എസ് ആർ ടി സി യിൽ ജനറൽ മാനേജർമാരായി നിയമിക്കപ്പെട്ട് കേവലം ആറ് മാസം പോലും ചുമതല നിർവഹിക്കാതെ ഇട്ടിട്ടുപോയവരാണ് സംസ്ഥാന സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഡെപ്യൂട്ടേഷൻ തസ്തികകൾ പിടിച്ചെടുത്ത് കേന്ദ്ര മാതൃകയിൽ റിസർവ് കേഡർ തരപ്പെടുത്തി അതിൽ വിരാജിക്കാൻ ശ്രമം നടത്തുന്നത്. ഇപ്പോഴുള്ള ചുമതലയൊന്നും പോരത്രേ! എക്‌സ്‌പോഷറും എക്സ്പീരിയൻസും കിട്ടുന്നില്ലെന്ന്. കെഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ പുനർനിർവചിക്കുമത്രേ! അവർക്ക് അധിക ചുമതല/നോഡൽ ഓഫീസർ അഥവാ ഓഎസ് ഡി ചുമതല നൽകുന്നതിനായി വ്യക്തവും വിശദവുമായ വിവരങ്ങൾ വേണമത്രേ!

‘ഇപ്പോ എങ്ങനെയിരിക്കണ്’ എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, ബോംബ്, അവസാനം പവനായി ശവമായി…

പ്രാഗൽഭ്യം തെളിയിക്കാൻ അധിക ചുമതല വേണം മിഷനുകളിലും പ്രോജക്ടുകളിലും കൈതെളിയണം! ഇതൊക്കെ അറിയാവുന്നതിനാലാണ് കെ എ എസ് വേണ്ടെന്നും അഥവാ രൂപീകരിച്ചാൽ സെക്രട്ടേറിയറ്റ് സർവീസിനെ അതിൽ നിന്നും ഒഴിവാക്കണമെന്നും ആക്ഷൻ കൗൺസിൽ നിലപാടെടുത്തത്. മിഷനുകളിലും പ്രോജക്ടുകളിലും ചുമതല നിർവഹിക്കാനായിരുന്നുവെങ്കിൽ, നോഡൽ ഓഫീസർ മാരാകാനായിരുന്നുവെങ്കിൽ, എന്തിനായിരുന്നു മുപ്പതിൽ പരം വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകൾ കവർന്നെടുത്ത്, ജീവനക്കാരുടെ പ്രൊമോഷൻ സ്വപ്നങ്ങൾ തച്ചുടച്ച് ഒരു കെ എ എസ് രൂപീകരണം? കേരള മിഷൻ സർവീസോ കേരള പ്രോജക്ട് സർവീസോ കേരള നോഡൽ സർവീസോ പോരായിരുന്നോ? ഉത്തരം പറയേണ്ടത് കെ എ എസ് വന്നാൽ മലമറിച്ചുകളയും എന്ന് വീരവാദം മുഴക്കിയവരാണ്.

സുഹൃത്തുക്കളെ,

സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന കേരളത്തിലെ സിവിൽ സർവീസിന്റെ സ്ഥിതി ഇത്രത്തോളം ദയനീയമായൊരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ജീവനക്കാർക്കിടയിൽ സാർവത്രിക അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഭരണം. ഈ സർക്കാരിന്റെ നെറികേടുകൾക്കെതിരായ പോരാട്ടത്തിൽ ഭരണസംഘടനകളിൽ ചിലരെങ്കിലും കൂടി രംഗത്തെത്തിയിരിക്കുന്നു. ജീവനക്കാരുടെ ക്ഷാമബത്തയും ആനുകൂല്യങ്ങളും പഴയ പെൻഷൻ പദ്ധതിയും പുനഃസ്ഥാപിക്കണമെന്ന ആവശ്യം മുൻനിർത്തി 2025 ജനുവരി 22 ന് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കുകയാണ്. പ്രസ്തുത പണിമുടക്കിൽ സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.

Kerala secretariat action council notice
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments