ഹണി റോസിന്റെ മൊഴിയെടുത്തു; അധിക്ഷേപിച്ചവർ കമന്റുകളും അക്കൗണ്ടും ഡിലീറ്റ് ചെയ്ത് മുങ്ങി

Actress Honey Rose

സോഷ്യൽ മീഡിയയിൽ നടി ഹണി റോസിനെതിരെ ഉണ്ടായ സൈബർ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ നടിയുടെ മൊഴിയെടുത്തതിന് പിന്നാലെ, പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി.

ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ അശ്ലീല കമന്റുകൾ പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇട്ടവർക്കെതിരെ ഉടനടി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനോടകം മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അശ്ലീല കമന്റിട്ട കുമ്പളം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ, മറ്റു പ്രതികളും കേസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി സൂചനകൾ ലഭിച്ചു. പലരും തങ്ങളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് മറയുകയാണ്. എന്നാൽ പൊലീസിന് ഇവരെ കണ്ടെത്താൻ സാധിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സെൻട്രൽ ഇൻസ്‌പെക്ടർ അനീഷ് ജോയി അറിയിച്ചു.

നടിയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്റുകൾ പരിശോധിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സെൻട്രൽ ഇൻസ്‌പെക്ടർ അനീഷ് ജോയി മാധ്യമങ്ങളോട് പറഞ്ഞു. ഹണി നൽകിയ പരാതിയിൽ പൊലീസ് ഇതിനകം 27 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതിനിടെ, സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപവും അപകീർത്തിപ്പെടുത്തലും നേരിട്ടതിൽ നിയമനടപടി സ്വീകരിച്ച നടി ഹണി റോസിന് താരസംഘടനയായ ‘അമ്മ’ പിന്തുണ പ്രഖ്യാപിച്ചു. ”ഞങ്ങളുടെ അംഗവും മലയാള സിനിമ അഭിനേത്രിയുമായ ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു.” വാർത്താ കുറിപ്പിൽ അമ്മ വ്യക്തമാക്കി. ഈ വിഷയത്തിൽ ഹണി റോസ് നടത്തുന്ന നിയമ പോരാട്ടങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച അമ്മ അഡ്ഹോക്ക് കമ്മിറ്റി ആവശ്യമെങ്കിൽ നിയമസഹായം നൽകാൻ ഒരുക്കമാണെന്നും വ്യക്തമാക്കി.

നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും സ്ത്രീകളെ കുറിച്ച് അസഭ്യവും അശ്ലീലവും പറയുന്ന സമൂഹമാധ്യമങ്ങളിലെ ‘അസഭ്യ, അശ്ലീല ഭാഷാ പണ്ഡിത മാന്യന്മാർക്കു’മെതിരെ താൻ ‘യുദ്ധം പ്രഖ്യാപിക്കുന്നു’ എന്നും ഹണി റോസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments