
വെള്ളാപ്പള്ളിയെ ആശുപത്രിയിൽ സന്ദർശിച്ച് പിണറായിയും ചെന്നിത്തലയും
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മന്ത്രി സജി ചെറിയാനും രമേശ് ചെന്നിത്തലയും നേരത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
കൊല്ലത്ത് പൊതുയോഗങ്ങളില്‍ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി പതിനൊന്നോടെ ചേപ്പാട് ഭാഗത്തുവെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്.
ആശുപത്രിയിലേക്കു പോകുംവഴി ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയപാതയിലുണ്ടായ വലിയ ഗതാഗതത്തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി.
തുടർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ഇ.സി.ജി.യില്‍ നേരിയ വ്യതിയാനമുള്ളതായി ഡോക്ടർമാർ പറഞ്ഞു. തുടർന്ന് അടിയന്തര ചികിത്സ നല്‍കിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.