ഒരുവ്യക്തി ദ്വയാർത്ഥ പ്രയോഗത്തിലൂടെ തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്ന് നടി ഹണി റോസ് (honey rose). സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നുവെന്നും സ്ത്രീകളെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുന്നത് പ്രഥമദൃഷ്ട്യാ കുറ്റകരമെന്നും ഓർമ്മിപ്പിച്ച് നടി തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു.
ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിച്ചെന്നും പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ എന്നും ഹണി റോസ് പേര് വെളിപ്പെടുത്താതെ പോസ്റ്റിൽ ചോദിച്ചിരുന്നു. ഇങ്ങനെ പണത്തിന്റെ ധാർഷ്ട്യത്തിൽ സ്ത്രീകളെ അപമാനിക്കുന്നയാൾ പ്രമുഖ വ്യവസായി ബോച്ചെ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂർ (boby chemmanur) ആണെന്നാണ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആരോപിക്കുന്നത്.
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂർവം സമൂഹമാധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു.

അടുത്തിടെ ബോച്ചെ നടി ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ വിവാദവും വിമർശനവും ഏറ്റുവാങ്ങിയിരുന്നു. ഒരു പൊതുവേദിയിൽ വെച്ച് ബോബി ചെമ്മണ്ണൂർ താരത്തിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേരെ നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്.
കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓർമ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരുന്നു. ഇതിനു മുൻപും ചില അവസരങ്ങളിൽ നടിക്കെതിരേ ദ്വയാർഥ പ്രയോഗം ബോബി നടത്തിയതിന്റെ തെളിവുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.