പെരിയ ഇരട്ടക്കൊല: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്

Periya double murder CBI court verdict

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്കു ഇരട്ട ജീവപര്യന്തം തടവുശിക്ഷ. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 1 മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവാണ് ശിക്ഷ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

രാവിലെ 11 ന് കോടതി ശിക്ഷയില്‍ വാദം കേട്ടിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും, അതിനാല്‍ വധശിക്ഷ പോലെ പരമാവധി ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, ഉദുമ സി പി എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. കേസിലെ 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments